ദിലീപിനെ പിന്തുണച്ചതിലൂടെ എംഎല്‍എ ഭരണഘടനാ ലംഘനം നടത്തി; ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്
ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭരണപക്ഷ എംഎല്‍എയും നടനുമായ ഗണേഷ്‌കുമാര്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ കലക്ടീവ്. ദിലീപിനെ പിന്തുണച്ചതിലൂടെ എംഎല്‍എ പദവി ദുരുപയോഗം ചെയ്യുകയാണ് ഗണേഷ്കുമാര്‍ ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണെന്നും കാണിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും വിമന്‍ കലക്ടീവ് അറിയിച്ചു.
അതേസമയം, ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. തന്റെ അവസരങ്ങൾ ഇല്ലാതാക്കി തന്നെ ഒതുക്കിയത് ദിലീപാണെന്ന് അനൂപ് ചന്ദ്രൻ അറിയിച്ചു. മിമിക്രിക്കെതിരെ തന്റെ അഭിപ്രായം പറഞ്ഞതുകൊണ്ടാണ് അയാള്‍ തനിക്കെതിരെ തിരിയാൻ കാരണമെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുൻപാകെ അനൂപ് ചന്ദ്രൻ മൊഴി നൽകി.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷാ ആശുപത്രി വിട്ടു. പൊലീസ് ഇടപെട്ടാണ് നാദിര്‍ഷായെ സ്വകാര്യആശുപത്രിയിൽനിന്നു രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചതെന്നാണ് സൂചന. അതേസമയം, നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായുള്ള സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.