നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയില്‍; പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടി
നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പൊലീസ് കോടതിയില്‍
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 13നു പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഹർജിയിൽ സർക്കാരിന്‍റെ നിലപാട് എന്താണെന്ന് അറിയാനായിരുന്നു കോടതിയുടെ ഈ നിലപാട്.ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണു ഹർജി പരിഗണിച്ചത്. അതേസമയം , ഹർജിക്കാരന് അനുകൂലമായി ഇടക്കാല ഉത്തരവിടരുതെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ സഹായിച്ച പൊലീസുകാനെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കളമശേരി എആർ ക്യാംപിലെ സിപിഒ അനീഷിനെയാണ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്. അറസ്റ്റ് ചെയ്ത വിട്ടയച്ച പൊലീസുകാരന് എതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് സൂചന.
ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ചത് സിപിഒ അനീഷായിരുന്നു. മാത്രമല്ല ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുമായി സംസാരിക്കാനും ഇയാള്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തെളിവ് നശിപ്പിച്ചു, പ്രതിയെ സഹായിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.