നിങ്ങൾ വാട്ട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങിയോ? എങ്കിൽ 51 രൂപ ക്യാഷ്‌ബാക്ക് വാങ്ങാൻ റെഡിയായിക്കോളു. ഉപഭോക്താക്കളെ ആകർഷിക്കാൻ വാട്ട്‌സ്ആപ്പിന്റെ പെയ്‌മെന്റ് ഫീച്ചർ ഉപയോഗിക്കുന്നവർക്ക് 51 രൂപ ക്യാഷ്‌ബാക്ക് നൽകാൻ തീരുമാനിച്ച് കമ്പനി.
ഫോണ്‍പേ പോലുള്ള പേയ്മെന്റ് ആപ്പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്ന സമയത്താണ് പെയ്‌മെന്റ് ഫീച്ചറുമായി കളം പിടിക്കാൻ വാട്‌സാപ്പ് തയ്യാറെടുക്കുന്നത്. ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് അതിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ക്ക് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്തു തുടങ്ങി.
വ്യത്യസ്ത കോണ്‍ടാക്റ്റുകളിലേക്ക് പണം അയയ്ക്കുന്നതിന് പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ്‌ബാക്കാണ് കമ്പനി ഓഫർ ചെയ്യുന്നത്. 5 തവണ വരെ ഇത്തരത്തിൽ ക്യാഷ്‌ബാക്ക് ലഭിക്കും. 255 രൂപ വരെയാണ് ക്യാഷ്‌ബാക്കായി ലഭിക്കുക.
ഗൂഗിള്‍പേ, പേടിഎം, ഫോണ്‍പേ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ ഇപ്പോൾ തന്നെ നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. വാട്ട്‌സാപ്പിനൊപ്പം വരുന്ന ഫീച്ചർ എന്ന നിലയിൽ പെയ്‌മെന്റ് ആപ്പെന്ന നിലയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വാട്‌സാപ്പിന് ബുദ്ധിമുട്ടുണ്ടാകില്ല.
എല്ലാവര്‍ക്കും ക്യാഷ്ബാക്ക് ലഭിക്കുമോ അതോ വാട്ട്സ്ആപ്പില്‍ ഒരിക്കലും പേയ്മെന്റ് അയച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഇന്ത്യയിലെ യുപിഐ പേയ്മെന്റുകള്‍ക്ക് മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്.