ലോക്ക് ഡൗണ്‍ തിയതി നീട്ടിയതോടെ മൊട്ടത്തല ചലഞ്ചെന്ന പേരില്‍ പുതിയ കാമ്പയിനുമായി എത്തിയിരിക്കുകയാണ് സൈബര്‍ ലോകം. ചലഞ്ചിന്റെ ഭാഗമായും അല്ലാതെയും പലരും അവരവരുടെ മൊട്ടത്തലയുടെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു തുടങ്ങി.
ലോക്ക് ഡൗണില്‍ ബാര്‍ബര്‍ ഷോപ്പുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇനി അഥവാ തുറന്നാലും കൊറോണ ഭീതിയില്‍ കുറച്ചു ദിവസത്തേക്ക് ആരും ബാര്‍ബര്‍ ഷോപ്പില്‍ കയറില്ല. അതിനാല്‍തന്നെ മൊട്ടത്തല ചലഞ്ചിന് പ്രസക്തിയുണ്ട്.
ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ മൊട്ടത്തല ഗ്രൂപ്പുകള്‍ രൂപം കൊണ്ടിട്ടുണ്ട്. സ്വാഭാവിക മൊട്ടത്തലന്മാര്‍ മുതല്‍ വര്‍ഷങ്ങളായി മൊട്ടത്തലയുമായി നടക്കുന്നവരും കൊറോണകാലത്ത് തല മൊട്ടയടിച്ചവരും ഗ്രൂപ്പുകളില്‍ സജീവമാണ്. സ്വന്തം മൊട്ടത്തല ആവിഷ്‌കരിക്കുക, മൊട്ടത്തലന്‍മാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുക, പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഗ്രൂപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പലരും മൊട്ടത്തലയന്മാരാകുന്നുണ്ട്.