ആളില്ലാ വാഹനങ്ങൾ ഉപയോഗിച്ച് സാധനനങ്ങൾ ഡെലിവറി ചെയ്യുന്നതിന് അനുമതി നൽകി കാലിഫോർണിയ. അടുത്ത വർഷം ആദ്യം തന്നെ കാലിഫോർണിയയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ സാധനങ്ങൾ ഉപയോക്താക്കൾക്ക് വിതരണം ചെയ്ത് തുടങ്ങും. റോബോർട്ടിക് സ്റ്റാർട്ടപ്പ് സ്ഥാപനമായ ന്യൂറോയാണ് പദ്ധതി നടത്തുന്നത്. ന്യൂറോയുടെ ആർ2 ആളില്ലാ വാഹനങ്ങൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങിയിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ഇനി ഉപയോക്താക്കളിൽനിന്നും പണം ഈടാക്കാൻ കമ്പനിയ്ക്കാകും.
റഡാർ. തെർമൽ ഇമേജിങ്, 360 ക്യാമറ എന്നിവയുടെ സഹായത്തോടെയാണ് ന്യൂറോയുടെ ആർ2 വാഹനം സഞ്ചരിയ്ക്കുക. മണിക്കുറിൽ 56 കിലോമീറ്റർ ആയിരിയ്ക്കും ഈ വാഹനത്തിന്റെ വേഗത. നല്ല കാലവസ്ഥയിൽ മാത്രമേ ഈ വാഹനങ്ങൾക്ക് സേവനം നടത്താനാകു. ഒരു കുഞ്ഞൻ കാറിന്റെ രൂപത്തിലുള്ള വാഹനത്തിൽ ഉപയോക്താക്കൾ കോഡ് അടിയ്ക്കുന്നതോടെ വാതിലുകൾ തുറക്കും. ഇതിൽനിന്നും ഓർഡർ ചെയ്ത ഉത്പന്നം ഉപയോക്താവിന് എടുക്കാം.