ഉപഭോക്താക്കൾ അപ്പ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് കൈമാറ്റം ചെയ്യുവാനുള്ള പുതിയ സംവിധാനം ഫേസ്ബുക്ക് ഒരുക്കുന്നു. ആപ്പിൾ,മൈക്രോസോഫ്റ്റ്,ട്വിറ്റർ പോലെയുള്ള മുൻനിര ടെക് സ്ഥാപനങ്ങളുമായി ചേർന്നുള്ള ഡാറ്റ ട്രാൻസ്ഫർ പ്രോജക്റ്റിന്റെ ഭാഗമായാണ് പുതിയ സംവിധാനമൊരുങ്ങുന്നത്. കമ്പനികളുടെ സേവനങ്ങൾ തമ്മിൽ വിവരകൈമാറ്റത്തിന് വഴിയൊരുക്കുന്നതാണ് പുതിയ പദ്ധതി.
പുതിയ സംവിധാന പ്രകാരം ഉപഭോക്താക്കൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസിലെക്ക് മാറ്റാവുന്ന ടൂൾസാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സംവിധാനം നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അയർലണ്ടിൽ മാത്രമെ ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളു.
ക്രമേണ വാട്സപ്പ്,ഇൻസ്റ്റാഗ്രാം തുടങ്ങിയ സേവനങ്ങളിലേക്കും വിവരകൈമാറ്റം വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഡാറ്റ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എളുപ്പം കൈമാറാൻ സൗകര്യമൊരുക്കുന്ന ഫേസ്ബുക്കിന്റെ പുതിയ ടൂൾ അടുത്ത വർഷം മാത്രമെ ആഗോളതലത്തിൽ ലഭ്യമാവുകയുള്ളു. സമാനമായ മറ്റ് സൗകര്യങ്ങളും താമസിയാതെ ഒരുക്കുമെന്ന് ഫേസ്ബുക്ക് പറയുന്നു.