Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !
ഫോം ഔട്ടായതിനെ തുടര്‍ന്നാണ് ഈ സീസണിലെ അവസാന അഞ്ച് മത്സരങ്ങളില്‍ ആര്‍സിബി മാക്‌സ്വെല്ലിനെ കളിപ്പിക്കാതിരുന്നത്
Royal Challengers Bengaluru: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗ്ലെന്‍ മാക്‌സ്വെല്ലിനെ പ്ലേയിങ് ഇലവനില്‍ ഇറക്കും. മേയ് 18 ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ട്വന്റി 20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ആര്‍സിബിക്ക് മാക്‌സ്വെല്ലിനെ കളിപ്പിക്കേണ്ടി വരുന്നത്.
ഫോം ഔട്ടായതിനെ തുടര്‍ന്നാണ് ഈ സീസണിലെ അവസാന അഞ്ച് മത്സരങ്ങളില്‍ ആര്‍സിബി മാക്‌സ്വെല്ലിനെ കളിപ്പിക്കാതിരുന്നത്. പകരം വില്‍ ജാക്‌സ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുകയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. വില്‍ ജാക്‌സ് എത്തിയതോടെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ആര്‍സിബി ജയിച്ചു. ഓള്‍റൗണ്ടറായ വില്‍ ജാക്‌സിന്റെ അസാന്നിധ്യത്തില്‍ മാക്‌സ്വെല്ലിനെ കളിപ്പിക്കുകയല്ലാതെ വേറൊരു വഴിയും ആര്‍സിബിക്ക് മുന്നില്‍ ഇല്ല.
ഈ സീസണില്‍ എട്ട് കളികളില്‍ നിന്ന് വെറും 36 റണ്‍സ് മാത്രമാണ് മാക്‌സ്വെല്‍ നേടിയിരിക്കുന്നത്. മൂന്ന് തവണ ഡക്കിനു പുറത്തായി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരം ആര്‍സിബിക്ക് ഡു ഓര്‍ ഡൈ പോരാട്ടമാണ്. ഒന്നുകില്‍ 18.1 ഓവറില്‍ ചെന്നൈയുടെ സ്‌കോര്‍ മറികടക്കണം അല്ലെങ്കില്‍ 18 റണ്‍സിന് ചെന്നൈയെ തോല്‍പ്പിക്കണം. ഇത് രണ്ടും സംഭവിച്ചാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കൂ. നിര്‍ണായക മത്സരത്തില്‍ മാക്‌സ്വെല്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്‍സിബി ക്യാംപ്. അതേസമയം മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താകും.