Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത
അതേസമയം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
Royal Challengers Bengaluru: ഐപിഎല്‍ 2024 സീസണിലെ ഏറ്റവും വാശിയേറിയ മത്സരത്തിനു ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം. മേയ് 18 നു നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍. പതിനെട്ട് റണ്‍സിനോ 11 ബോളുകള്‍ ബാക്കി നില്‍ക്കെയോ ജയിച്ചാല്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. മറുവശത്ത് ഒരു റണ്‍സിനെങ്കിലും ജയിച്ചാല്‍ പോലും ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാണ്.
അതേസമയം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് മത്സരത്തെ ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. മേയ് 19 വരെയുള്ള ദിവസങ്ങളില്‍ ബെംഗളൂരുവില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മത്സരം നടക്കുന്ന 18 ന് 73 ശതമാനം മഴ സാധ്യതയുണ്ട്. വൈകിട്ടുള്ള സമയങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ബെംഗളൂരു, മൈസൂരു അടക്കമുള്ള കര്‍ണാടകയുടെ ദക്ഷിണ ഭാഗങ്ങളില്‍ മേയ് 18 മുതല്‍ 20 വരെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സരം മഴ മൂലം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാല്‍ ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താകും. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കയറാനാണ് പിന്നീടുള്ള സാധ്യത.