UK Election Result 2024: ഋഷി സുനകിന് അധികാരം നഷ്ടമായി; സ്റ്റാര്‍മര്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
ലേബര്‍ പാര്‍ട്ടിയുടെ വിജയം ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും പുതിയ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകുക
UK Election 2024 results: ബ്രിട്ടന്‍ പാര്‍ലമെന്റിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചു. നിലവിലെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റിലും ജയിച്ച് ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു. 150 ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ജയിക്കാനായത്.
ലേബര്‍ പാര്‍ട്ടിയുടെ വിജയം ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും പുതിയ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകുക. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ 61 കാരനായ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് സ്റ്റാര്‍മര്‍.
14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് യുകെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്നും പാര്‍ട്ടിക്ക് രണ്ടാം സ്ഥാനമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ സ്റ്റാര്‍മര്‍ പ്രതികരിച്ചു. 'ഇങ്ങനെയൊരു ജനവിധി വലിയ ഉത്തരവാദിത്തം നല്‍കുന്നുണ്ട്. രാജ്യത്തിന്റെ വീണ്ടെടുക്കലിനാണ് ഞങ്ങളുടെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക,' സ്റ്റാര്‍മര്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അനുമതി ആവശ്യമാണ്. ഇന്ന് വൈകിട്ടോടെ സ്റ്റാര്‍മര്‍ രാജാവിനെ കാണാന്‍ കൊട്ടാരത്തിലെത്തും. ചാള്‍സ് മൂന്നാമന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും സത്യപ്രതിജ്ഞ.