യു.എ.ഇ എന്ന കൊച്ചു രാജ്യത്തിന്‍റെ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടുള്ള വളര്‍ച്ചയുടെ കഥയാണ് ഒരോ ദേശീയ ദിനങ്ങൾക്കും പറയാനുള്ളത്. ഗൾഫ് മേഖലകളുടെ ചരിത്രം തന്നെ മാറ്റിയെഴുതിയായിരുന്നു യു എ ഇ രൂപീകരിക്കാനുള്ള തീരുമാനം. ഈ രാജ്യത്തിന്റെ വളർച്ചയുടെ കഥ പറയുമ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ ലക്ഷക്കണക്കിനു മലയാളികളുടെ കഥ കൂടിയാണത്.
1971 ഡിസംബര്‍ രണ്ടിനായിരുന്നു ചരിത്രം കുറിച്ച ആ തീരുമാനം. ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകള്‍ ഒന്നു ചേര്‍ന്ന് ഐക്യ അറബ് എമിറെറ്റ് ആയ ദിനമാണിന്ന്. യു എ ഇ രൂപം കൊണ്ടിട്ട് ഇന്നേക്ക് 48 വർഷമാകുന്നു.
സ്വന്തമായി കറൻസി പോലുമില്ലാതിരുന്ന ഏഴ് എമിറേറ്റുകൾ ഒന്ന് ചേർന്ന ശേഷം നടന്നത് ചരിത്രം. ശക്തമായ ഒരു വികസന പ്രവർത്തനങ്ങളും സമ്പദ് വ്യവസ്ഥയും രൂപം കൊള്ളുന്നതിൽ ഇത് വിജയം കണ്ടു. സ്വദേശികളും വിദേശികളും ഒരേപോലെ ആഘോഷിക്കുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമാണിന്ന്. നിരവധി പരിപാടികളാണ് ഈ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നത്.