പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയ്ക്ക് 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ചൈനയ്ക്ക് 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യയെ സമാനമായ രീതിയില്‍ താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയനെ പ്രോത്സാഹിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ചൈനയും ഇന്ത്യയുമാണ് റഷ്യന്‍ എണ്ണ വാങ്ങുന്നത്. അതിനാല്‍, 2022 ല്‍ ആരംഭിച്ച ഉക്രെയ്‌നിലെ അധിനിവേശം തുടരുമ്പോള്‍ റഷ്യയുടെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. കോണ്‍ഫറന്‍സ് കോള്‍ വഴിയാണ് ട്രംപ് ഈ അഭ്യര്‍ത്ഥന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഡേവിഡ് സള്ളിവനോടും മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോടും പറഞ്ഞത്.
അതേസമയം അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് പോളണ്ട്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ അതിര്‍ത്തി ലംഘിച്ചതായും അതിനാല്‍ തന്നെ ഡ്രോണുകളെ വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു. പിന്നാലെ പോളണ്ടില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തലസ്ഥാനമായ വാഴ്‌സയിലെ 2 വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തിയതായും പോളണ്ട് വ്യക്തമാക്കി. എല്ലാവരും വീടുകളില്‍ തുടരണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു.