ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ കടുത്ത നിലപാടുമായി അറബ്- ഇസ്ലാമിക് ഉച്ചകോടി. അറബ് - ഇസ്ലാമിക് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാല്‍ അത് എല്ലാവര്‍ക്കും എതിരായ ആക്രമണമായി കണക്കാക്കണമെന്ന് ഇറാഖ് ഉച്ചകോടിയില്‍ നിലപാട് അറിയിച്ചു. അതേസമയം വെടിനിര്‍ത്തലിന് തയ്യാറല്ലെന്നാണ് ഇസ്രായേല്‍ തെളിയിച്ചതെന്ന് ഈജിപ്ത് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ച് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കലാണ് പ്രശ്‌നത്തിന് പരിഹാരമെന്നാണ് ഈജിപ്ത് നിലപാടെടുത്തത്.
അതേസമയം ഇസ്രായേലിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കണമെന്നാണ് ജോര്‍ദാന്‍ വ്യക്തമാക്കിയത്. പ്രതിരോധ ശേഷി പങ്കുവെയ്ക്കാന്‍ തയ്യാറാണെന്നും സഹോദര രാഷ്ട്രങ്ങള്‍ക്ക് തുര്‍ക്കി പ്രതിരോധ സഹകരണം നല്‍കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. ഇസ്രായേലിന് മുകളില്‍ ഉപരോധമേര്‍പ്പെടുത്തണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു.അതേസമയം ഇസ്രായേലിനെ നേരിടാന്‍ അറബ്- ഇസ്ലാമിക് രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടു.
അതേസമയം ഇസ്രായേലിനകത്തും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഖത്തര്‍ ആക്രമണത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടായതായി ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അതേസമയം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇനി അക്രമണമുണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്.