നേരമ്പോക്കിന് വേണ്ടി അയ്യായിരത്തോളം നവജാത ശിശുക്കളെ വെച്ചു മാറി; കുറ്റസമ്മതവുമായി നഴ്സ്; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ക്യാന്‍സര്‍ രോഗിയായ തനിക്ക് മരണ ശേഷം നരകത്തില്‍ പോകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഇത്തരത്തിലൊരു കുറ്റസമ്മതം നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാംബിയയിലെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്പോള്‍ വെറും നേരമ്പോക്കിന് വേണ്ടി അയ്യായിരത്തോളം നവജാത ശിശുക്കളെ വെച്ചു മാറിയെന് വെളിപ്പെടുത്തലുമായി നഴ്‌സ് രംഗത്ത്. യുടിഎച്ചിലെ നഴ്‌സായിരുന്ന എലിസബത്ത് ബാവല്യ മ്വേവയാണ് കുറ്റസമ്മതം നടത്തിയത്. 1983നും 1995നും ഇടയില്‍ കുഞ്ഞുങ്ങളെ അവരുടെ സ്വന്തം മാതാവില്‍ നിന്നും മാറ്റി നല്‍കിയെന്നാണ് എലിസബത്ത് പറയുന്നത്. ക്യാന്‍സര്‍ രോഗിയായ തനിക്ക് മരണ ശേഷം നരകത്തില്‍ പോകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഇത്തരത്തിലൊരു കുറ്റസമ്മതം നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നഴ്‌സിന്റെ വെളിപ്പെടുത്തലിന് ശേഷം വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലുണ്ടായിരിക്കുന്നത്. ''എനിക്ക് അതിഗുരുതരമായ ക്യാന്‍സറാണ്. ഉടന്‍ തന്നെ ഞാന്‍ മരിക്കുമെന്നു എനിക്കറിയാം, അതിനാല്‍ ഞാന്‍ ദൈവത്തിനു മുന്നില്‍ എന്റെ പാപങ്ങളെ ഏറ്റുപറയുകയാണ്, യുടിഎച്ചില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ചെയ്ത പ്രവൃത്തി കാരണം പലര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കടക്കം. ഞാന്‍ ഇപ്പോള്‍ ദൈവത്തെ കണ്ടു. എനിക്ക് വീണ്ടും ജന്മം ലഭിച്ചിരിക്കുന്നു. ഇപ്പോഴെനിക്ക് ഒന്നും മറച്ചു വെക്കാനില്ല. 12 വര്‍ഷത്തോളം ജോലി ചെയ്ത പ്രസവ വാര്‍ഡില്‍ അയ്യായിരത്തോളം കുഞ്ഞുങ്ങളെയാണ് ഞാന്‍ വെച്ചു മാറിയത്''. എലിസബത്ത് പറയുന്നു.
1983 നും 1995 നും ഇടയില്‍ ജനിച്ചവരില്‍ പലരുമിപ്പോള്‍ കഴിയുന്നത് അവരുടെ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ലെന്നും താന്‍ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത് വെറും തമാശയ്ക്കാണെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ സഹോദരങ്ങളെ ഒന്ന് ശ്രദ്ധിച്ച് നോക്കൂ, എല്ലാവരും നല്ല നിറമുള്ളവരും നിങ്ങള്‍ നിറം കുറഞ്ഞവരുമാണെങ്കില്‍ അത്തരത്തില്‍ മാറിവെയ്ക്കപ്പെട്ട കുഞ്ഞുങ്ങളിലൊരാളാണ് നിങ്ങള്‍, പക്ഷേ നിങ്ങളെന്നോട് ക്ഷമിക്കണം എലിസബത്ത് പറഞ്ഞു. ദൈവത്തിനെതിരായി പാപം ചെയ്തുവെന്നും ഡിഎന്‍എ പരിശോധനയ്ക്കു ശേഷം അനേകം ദമ്പതികളുടെ വിവാഹമോചനത്തിനു പിന്നില്‍ കാരണമായത് താനാണെന്നും, അത്തരം ക്രൂര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനായി ഒരു പിശാച് തന്നെ ഉപയോഗിച്ചുവെന്നും അവര്‍ പറയുന്നു.
'ഞാന്‍ കാരണം നിരവധി അമ്മമാര്‍ക്ക് അവരുടെ സ്വന്തം കുഞ്ഞുങ്ങളെ മുലയൂട്ടാനായില്ല. ഈയൊരു കാരണം കൊണ്ട് ഞാന്‍ നരകത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്നോട് ക്ഷമിക്കണം ഞാന്‍ ഒരുപാട് പാപങ്ങള്‍ ചെയ്തു അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സാംബിയ ജനറല്‍ നഴ്‌സിംഗ് കൗണ്‍സിലിന് കീഴില്‍ ഈ പേരിലൊരു ആൾ ഇല്ലെന്നും യുടിഎച്ച് ഹോസ്പിറ്റലില്‍ അങ്ങനൊരു നഴ്‌സ് ജോലി ചെയ്തിരുന്നില്ലെന്നും പറയുന്നു.