ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പ്രിയാമണിയുടെ വിവാഹം. മുസ്തഫ രാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ അത്രയേറെ ട്രോളുകളും ആക്ഷേപങ്ങളുമാണ് പ്രിയാമണിക്ക് നേരിടേണ്ടി വന്നത്. വിവാഹം പ്രഖ്യാപിച്ചത് മുതൽ പിന്നീടുള്ള ഓരോ ഫോട്ടോകൾക്ക് താഴെയും വളരെ മോശം രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു തനിക്ക് നേരിടേണ്ടി വന്നതെന്ന് പ്രിയാമണി പറയുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ ഏറെ ആവേശമായിരുന്നു. എന്നാൽ വിവരം പങ്കുവെച്ചതോടെ വെറുപ്പുളവാകുന്ന കമന്റുകൾ മാത്രമായിരുന്നു. 'നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകും' തുടങ്ങിയ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത്. ഇതെല്ലാം മനസ് മടുപ്പിക്കുന്നതായിരുന്നു. ഇവർ എന്തിനാണ് ഇതരമതവിഭാഗങ്ങളിൽപ്പെട്ട ദമ്പതിമാരെ മാത്രം ലക്ഷ്യമിടുന്നത്. പല മുൻനിര താരങ്ങളും അവരുടെ മതങ്ങൾക്കതീതമായി വിവാഹം കഴിച്ചിട്ടുണ്ട്. അവർ ആ മതം സ്വീകരിക്കണമെന്നോ അത് ഉൾക്കൊള്ളണമെന്നോ നിർബന്ധമില്ല. അവർ മതമൊന്നും നോക്കാതെയാണ് പരസ്പരം പ്രണയത്തിലായത്. പിന്നെ എന്തിനാണ് ചുറ്റിലും ഇത്രയേറെ വെറുപ്പ് സൃഷ്ടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പ്രിയാമണി പറഞ്ഞു.
ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും താൻ മുസ്ലീം മതം സ്വീകരിച്ചെന്ന് കമന്റ് ചെയ്തു. താൻ മതം മാറിയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. അത് തന്റെ തീരുമാനമാണ്. വിവാഹത്തിന് മുൻപ് തന്നെ താൻ മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. താൻ ഒരു ഹിന്ദുവായി ജനിച്ചയാളാണെന്നും എല്ലായ്‌പ്പോഴും തന്റെ വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി വ്യക്തമാക്കി.