ജന്മാന്തര പുണ്യവുമായി ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി
അവതാര പുണ്യത്തിന്റെ ജന്മാഷ്ടമി
കോടിക്കണക്കിന് ഭക്തര്‍ ഉണ്ണിക്കണ്ണനെ മനസില്‍ ആരാധിച്ച് ഭക്തിയോടെ കൊണ്ടാടുന്ന ദിനമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഒരു യുഗ പരിവര്‍ത്തനത്തിന്റെ നാന്ദിയായി ധര്‍മ്മ സംരക്ഷണത്തിനും ലാകനന്മയ്ക്കുമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അഷ്ടമി രോഹിണി നാളില്‍ ദേവകീനന്ദനായി ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അതരിച്ചു. അമ്പാടിയില്‍ വളര്‍ന്ന കള്ള കണ്ണന്റെ കുസൃതിയും കൊഞ്ചലും അവതാര ലക്ഷ്യത്തിലേക്കുള്ള വളര്‍ച്ചയും ദ്വാപര യുഗത്തിന്റെ പുണ്യമായി. മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണനും,ശ്രീരാമനും. ഹിന്ദു വിശ്വാസ പ്രകാരം ദ്വാപരയുഗത്തില്‍ ജനിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ഭാവനകള്‍ക്ക് അതീതനായ മഹാപുരുഷനാണ്.
ഹൈന്ദവവിശ്വാസത്തില്‍, പ്രത്യേകിച്ചും വൈഷ്ണവഭേദത്തില്‍ ഭക്തിപ്രകാരവും നിര്‍വൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്. മഹാഭാരതം പോലും പറയുന്നത് കൗരവ പാണ്ഡവന്മാരുടെ കഥയല്ല. കൃഷ്ണന്റെ കഥയാണ്. എല്ലാ കഥാപാത്രങ്ങളും കൃഷ്ണ ദര്‍ശനത്തിന്റെ പശ്ചാത്തലമായി വര്‍ത്തിക്കുന്നു. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി.
കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്. കണ്ണന്റെ ജന്മദിനത്തില്‍ ഉണ്ണിക്കണ്ണന്റെയും, രാധയുടേയും, കുചേലന്റെയും, ഗോപികമാരുടേയും അടക്കമുളള പുരാണ വേഷങ്ങള്‍ അണിഞ്ഞ് മഹാശോഭായാത്രക്കു അണിനിരക്കുന്ന കുട്ടികള്‍ കാണികളുടെ കണ്ണുകള്‍ക്ക് അമൃതാകും.