കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ആരോടും പറഞ്ഞു കൊടുക്കേണ്ടതില്ല. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ചിട്ടയായ ഭക്ഷണം ആവശ്യമാണ്.
പുരുഷന്മാരെ പോലെ സ്‌ത്രീകളും ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സമയം തെറ്റിയുള്ള ഭക്ഷണരീതി സ്‌ത്രീകളുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്ത, സമീകൃതാഹാരം കഴിക്കാത്ത സ്ത്രീകൾക്ക് മാനസികാരോഗ്യം കുറവായിരിക്കുമെന്നാണ് ബ്രിഘാംടൺ സർവകലാശാലയിലെ ഗവേഷകയായ ലിനാ ബെഗ്ഡേഷ് പറയുന്നത്.
ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ സ്‌ത്രീകളെ ബാധിക്കുന്നതിന്റെ പ്രധാന കാരണം ശരിയായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കാത്തത് മൂലമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് ഈ പ്രശ്‌നങ്ങള്‍ സ്‌ത്രീകളില്‍ ഏറെനേരം നീണ്ടു നില്‍ക്കുകയും മാനസികമായി ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസമാണ് ഇതിനു കാരണം.