ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന ഒന്നാണ് വൃക്ക രോഗം. വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്. ശരീരത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അവയവമാണ് വൃക്കകൾ.
ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകൾ.
പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ മറ്റ് അവയവങ്ങളിലാണ് പ്രകടമാകുന്നത്. അതിനാൽ തികഞ്ഞ അവബോധമുണ്ടെങ്കിൽ മാത്രമേ നേരത്തേ കണ്ടു പിടിച്ചു ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ.
മുഖത്തും കാലുകളിലും വയറിലും കാണുന്ന നീര്, അമിത രക്തസമ്മർദം, വിശപ്പില്ലായ്മ, വിളർച്ച, തളർച്ച, ക്ഷീണം, കിതപ്പ്, മൂത്രത്തിന്റെ അളവ് കുറയുക, തുടരെ മൂത്രം പോവുക, മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടാവുക, മൂത്രനാളിയിലെ അണുബാധ, മൂത്ര തടസ്സം, രാത്രികളില്‍ ഉറക്കം കുറയുന്നത് ഇവയൊക്കെ വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം.
വൃക്കരോഗത്തിന്‍റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്.