പാമ്പ് കടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അധികമാർക്കും വല്യ ധാരണയില്ല. ഈ ധാരണയില്ലായ്മ പലപ്പോഴും ദുരന്തമാണ് വിതയ്ക്കാറ്. മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാൽ മാത്രമാണ് പാമ്പുകൾ വിഷം പ്രയോഗിക്കുന്നത്. വിഷം ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമേതും ഇല്ല.
ഇന്ത്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ ചുരുക്കം ചില പാമ്പുകൾക്കാണ് വിഷമുള്ളത്. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാല് തരം വിഷപാമ്പുകളുടെ കടിയേറ്റതിനെ തുടർന്നാണ് ഇന്ത്യയിൽ ഏറ്റവും അധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് ഈ മരുന്നിനെ വിളിക്കുന്നത്. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് ഈ മരുന്നിന്റെ പ്രധാന ന്യൂനത. അതിനാൽ അലർജി ഉണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ കൂടി ആശുപത്രികളിലുണ്ടാവണം. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് നൽകുക തന്നെ വേണം.
പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്:
1. ഭയമുണ്ടാകും. പക്ഷേ, ആ ഭയം നമ്മുടെ മനസിനെ കീഴ്പ്പെടുത്താൻ സമ്മതിക്കരുത്. പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും.
2. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. ആശുപത്രിയിൽ എത്തിക്കുക.
3. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.
4. കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.
5. മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.
6. യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്.
ചെയ്യരുതാത്ത കാര്യങ്ങള്‍:
1. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയവയൊന്നും തന്നെ വിഷം രക്തത്തില്‍ കലര്‍ന്ന അവസ്ഥയില്‍ ഗുണം ചെയ്യില്ല.
2. മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാൻ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ ( ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും.
3. ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല.
4. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാൻ ശ്രമിക്കുകയോ മുറിവിൽ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാൻ ശ്രമിക്കുകയോ ചെയ്യരുത്. ഭീമമായ രക്തനഷ്ടമായിരിക്കും ഫലം.
5. മുറിവിൽ ഐസ് ഉപയോഗിക്കാൻ പാടില്ല/ തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. ഇവയൊന്നും തന്നെ വിഷബാധയെ തടയില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.