ഡെങ്കിപ്പനി എന്ന രോഗത്തിനു കാരണം ഫ്‌ളാവി വൈറസ് ആണ്. നാലു വ്യത്യസ്ത തരത്തിലുള്ള ഈ വൈറസ്സുകള്‍ നാലു തരത്തിലാണ് ഈ രോഗത്തെ പ്രത്യക്ഷമാക്കുന്നത് എയ്‌ഡെസ് ഈജിപ്തി എന്ന ജാതിയില്‍ പെടുന്ന കൊതുകുകളുടെ കടിമൂലമാണ് ഈ രോഗം പരക്കുന്നത്.
ഈ രോഗം പ്രധാനമായും കാണപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്, പ്രത്യേകിച്ചും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍. അടുത്തകാലത്തായി ഇന്ത്യ ഉള്‍പ്പൈടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഈ രോഗം വര്‍ദ്ധിച്ചുവരുന്നു.
കാരണവും രോഗം പകരുന്ന വിധവും
എയ്‌ഡെസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ മനുഷ്യവാസത്തിനടുത്തുള്ള ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളിലാണ് മുട്ടയിട്ട് വളര്‍ന്ന് വലുതാകുന്നത്. ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുന്നതും.
കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പനി, ചിക്കുംഗുനിയാ എന്നീ പനികള്‍ പകരുന്നതിനും പ്രധാന കാരണം എയ്‌ഡെസ് ഈജിപ്തി കൊതുകുകള്‍ തന്നെയാണ്.