ഫുട്ബോളിൽ പത്താം നമ്പർ ജേഴ്സി എന്ന് പറയുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ വരിക മെസിയെ ആയിരിക്കും. അർജന്റീനയുടെ ‘അൺലക്കി‘ കളിക്കാരൻ ലിയോണൽ മെസി. അർജൻറീനയുടെ പത്താം നമ്പർ ജേഴ്സി സൗഹൃദ മത്സരങ്ങൾക്ക് എന്തുകൊണ്ടാണ് ഉപയോഗിക്കാത്തതെന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കൊളാനി.
ജേഴ്സി മെസി ടീമിൽ തിരിച്ചെത്തിയാൽ നൽകാൻ വേണ്ടി വെച്ചിരിക്കുകയാണെന്നാണ് സ്കൊളാനി വ്യക്തമാക്കിയത്. ലോകകപ്പിൽ ഓരോ താരങ്ങൾക്കും ഓരോ നമ്പർ അനുവദിച്ചു നൽകിയിട്ടുണ്ട്. ടീമിലെത്തുന്നവർക്ക് അത് തിരിച്ച് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ മെസിയുടെ പത്താം നമ്പർ ജേഴ്സി താരത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും താരം ദേശീയ ടീമിൽ തുടരുമോ വേണ്ടെയോയെന്നു തീരുമാനമെടുക്കുന്നതു വരെ അതവിടെ മെസിയെ കാത്തിരിക്കുമെന്നും സ്കൊളാനി വ്യക്തമാക്കി. ഇനി മെസി തിരിച്ചെത്തുന്നില്ല എന്നാണെങ്കിൽ അക്കാര്യത്തിൽ അപ്പോൾ തീരുമാനം എടുക്കാമെന്നും പരിശീലകൻ പറഞ്ഞു.
നേരത്തേ, മെസി ടീമിലുള്ളപ്പോൾ മെസിക്കു ജേഴ്സി നൽകുകയും അല്ലാത്തപ്പോൾ മറ്റു താരങ്ങൾക്കു നൽകുകയുമാണ് അർജൻറീന പിന്തുടർന്നിരുന്ന കീഴ്വഴക്കമെന്നും അതിപ്പോൾ പിന്തുടരാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമല്ലെന്നും റൊമേരോ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് പരിശീലകൻ ഇപ്പോൾ നൽകിയത്.
ലോകകപ്പിൽ നിന്നും അർജന്റീന ടീം പുറത്തായതിന്റെ നിരാശയിലുള്ള മെസി ഈ വർഷം ദേശീയ ടീമിനൊപ്പം മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. എന്നാൽ ദേശീയ ടീമിലേക്ക് ഇനി താരം തിരിച്ചു വരുന്ന കാര്യം തന്നെ സംശയത്തിലാണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.