ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെനഗലിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന സൂചന നൽകി സൂപ്പർ താരം മുഹമ്മദ് സലാ. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്‍മാരായ സെനഗല്‍ ഈജിപ്തിനെ മറികടന്നത്. ഷൂട്ടൗട്ടില്‍ സലാ എടുത്ത കിക്ക് പുറത്തുപോയിരുന്നു.
ഇതിന് പിന്നാലെ ടീം അംഗങ്ങളോട് ലോക്കര്‍ റൂമില്‍ സംസാരിക്കവെയാണ് 29കാരനായ സലാ വിരമിക്കല്‍ സൂചന നല്‍കിയത്. ഞാൻ കൂടെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചവരുടെ സംഘമാണ് നിങ്ങൾ നിങ്ങൾക്കൊപ്പം കളിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. കൂടുതലൊന്നും എനിക്ക് പറയാനില്ല. നിങ്ങള്‍ക്കൊപ്പം കളിക്കാനായത് തന്നെ വലിയ ആദരവായി കാണുന്നു. ഞാനിനി നിങ്ങള്‍ക്കൊപ്പം കളിച്ചാലും ഇല്ലെങ്കിലും എന്നായിരുന്നു സലായുടെ വാക്കുകള്‍.
2011ല്‍ ഈജിപ്തിനായി ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സലാ 2018ലെ റഷ്യൻ ലോകകപ്പിൽ ഈജിപ്‌തിന് ലോകകപ്പ് യോഗ്യത നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.ഈജിപ്തിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സലാ 47 ഗോളുകള്‍ നേടിയിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരം കൂടിയായ സലാ ക്ലബ്ബിനായി 172 മത്സരങ്ങളില്‍ 115 ഗോളുകള്‍ അടിച്ചിട്ടുണ്ട്.