‘വിജയിക്കുമ്പോള്‍ ഞാന്‍ ജര്‍മ്മന്‍കാരന്‍, പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരന്‍‘; ആരാധക മനസുകള്‍ കീറിമുറിച്ച് ഓസിലിന്റെ വാക്കുകള്‍
‘വിജയിക്കുമ്പോള്‍ ഞാന്‍ ജര്‍മ്മന്‍കാരന്‍, പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരന്‍‘; ആരാധക മനസുകള്‍ കീറിമുറിച്ച് ഓസിലിന്റെ വാക്കുകള്‍
ഫുട്‌ബോള്‍ പ്രേമികള്‍ മനസില്‍ കൊണ്ടു നടക്കുകയും ലോകമെമ്പാടും ആരാധകരുമുള്ള താരവുമാണ് ജര്‍മ്മന്‍ മിഡ്‌ഫീല്‍ഡര്‍ മൊസ്യൂട്ട് ഓസില്‍. ലോകകപ്പിനു ശേഷം തനിക്കും കുടുംബത്തിനു നേരിടേണ്ടിവന്ന വംശീയാധിക്ഷേപമാണ് സൂപ്പര്‍താരത്തെ കടുത്ത നിലപാടെടുപ്പിച്ചത്.
ജര്‍മ്മനിയുടെ കുപ്പായം ഇനി ധരിക്കില്ലെന്ന് വ്യക്തമാക്കിയ ഓസീല്‍ തനിക്ക് നേരിട്ട കയ്‌പ്പു നിറഞ്ഞ അനുഭവങ്ങളും പങ്കുവെച്ചു.
തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം താന്‍ ഒരു ചിത്രമെടുത്തതാണ് എല്ലാത്തിനും തുടക്കം. ഇതോടെ രാഷ്‌ട്രീയപരമായും കായികപരമായും അപമാനം നേരിടേണ്ടിവന്നു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജര്‍മ്മനിയില്‍ ശക്തമായി. എന്നെ ലക്ഷ്യമാക്കിയുള്ള പ്രസ്‌താവനകള്‍ ആണെന്ന് എനിക്കറിയാമായിരുന്നു. ഗ്രൌണ്ടില്‍ ഇറങ്ങുമ്പോള്‍ ആളുകള്‍ കൂകി വിളിക്കുന്നത് പതിവായതോടെ അച്ഛൻ കളിനിർത്താൻ ആവശ്യപ്പെട്ടുവെന്നും ഓസില്‍ വ്യക്തമാക്കുന്നു.
എന്റെ കുടുംബത്തിന്റെ വേരുകള്‍ തുര്‍ക്കിയിലാണെങ്കിലും ഞാന്‍ കണ്ടതും പഠിച്ചതും ജര്‍മ്മന്‍ ജീവിത രീതികളാണ്. വളര്‍ന്ന് ജര്‍മ്മനിയില്‍ ആണ്. അതിനാല്‍ എനിക്ക് ‘രണ്ട് ഹൃദയമുണ്ട്’. ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രിന്‍ഡലിന്‍ എനിക്കെതിരെ നിലകൊണ്ടു. എർദോഗനൊപ്പമെടുത്ത ചിത്രം വിവാദമായപ്പോള്‍ സംയുക്‍ത പ്രസ്‌താവനയിറക്കാന്‍ പരിശീലകന്‍ യോക്കിം ആവശ്യപ്പെട്ടു. ഗ്രിന്‍ഡലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെന്നുംജര്‍മ്മന്‍ താരം പറയുന്നു.
എന്റെ പാരമ്പര്യവും വംശാവലിയുമാണ് ആ ചിത്രത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഗ്രിന്‍ഡലിന്‍ അത് ഉള്‍ക്കൊണ്ടില്ല. അദ്ദേഹത്തിന് ചില അജണ്ടകളും രാഷ്‌ട്രീയവും ഉണ്ടായിരുന്നു. ലോകകപ്പിലെ തിരിച്ചടിക്ക് അയാള്‍ക്കും പങ്കുണ്ടെന്ന് ഓസില്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രിന്‍ഡലിന്റെ കണ്ണിലും ഒരുകൂട്ടം ജര്‍മ്മന്‍ ആരാധകരുടെ കണ്ണിലും ഞങ്ങള്‍ (ടീം) വിജയിക്കുമ്പോള്‍ മാത്രമാണ് ഞാനൊരു ജര്‍മ്മന്‍കാരനാകുന്നത്. പരാജയപ്പെടുമ്പോള്‍ ഞാനവര്‍ക്ക് വെറുമൊരു കുടിയേറ്റക്കാരന്‍ മാത്രമാണ്.
വിവാദങ്ങളില്‍ ഞാന്‍ ഇരയായപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചില്ല. കുടുംബത്തിനു നേര്‍ക്കു പോലും ഭീഷണിയും സന്ദേശങ്ങളും ലഭിച്ചു. ഈ സാഹചര്യത്തില്‍, ജര്‍മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത്, ഓസില്‍ വ്യക്തമാക്കി.
രാജ്യത്തെ ഒരു പത്രം ജര്‍മനിയെ തന്നെ തനിക്കെതിരാക്കാന്‍ ശ്രമിച്ചു. അത്രയ്‌ക്കും ഭീകരമായിരുന്നു ഒരു ചിത്രത്തിന്റെ പേരില്‍ എനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങള്‍. രാജ്യത്തിനായി ഞാന്‍ നേടിയതൊന്നും അപ്പോള്‍ ആരും പരിഗണിച്ചില്ല. ഞാനൊരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ജര്‍മനിക്കായി കളിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഓസില്‍ പറഞ്ഞു.