കരിയറിൽ മെസ്സി തീർത്ത റെക്കോർഡുകൾ എണ്ണുക എന്നത് പ്രയാസമാകും അത്രത്തോളം റെക്കോർഡുകളും അപൂർവ നേട്ടങ്ങളാണ് ബാഴ്സലോനയുടെ അർജന്റീനിയൻ ഇതിഹസമായ മെസ്സി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഇമ്മിണി വലിയ ഒരു നേട്ടത്തെക്കൂടി എത്തിച്ചിരിക്കുകയാണ് മെസി.
ബാഴ്സലോണക്ക് വേണ്ടി 700 മത്സരങ്ങൾ കളിച്ച അപൂർവം താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ലയണൽ മെസ്സി. ഇന്നലെ നടന്ന മത്സരത്തോടെയാണ് മെസി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ബാഴ്സലോണയിൽ 700 മത്സരങ്ങൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് മെസ്സി. എന്നു മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന സ്പാനിഷ് താരമല്ലാത്ത ആദ്യ ഫുട്ബൊളർ കൂടിയാവുകയാണ് മെസി.
സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെസ് ഇനിയേസ്റ്റ എന്നീ ഇതിഹാസ താരങ്ങളാണ് ബാഴ്സലോണക്കായി 700 മത്സരങ്ങൾ കളിച്ച മറ്റു താരങ്ങൾ. 869 മത്സരങ്ങള്‍ കളിച്ച സാവിയാണ് ബാഴ്സക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിരിക്കുന്നത്. കരിയർ അവസാനം വരെ മെസ്സി ബാഴ്സലോണയിൽ തന്നെ തുടർന്നാൽ ഈ റെക്കോർഡും മെസ്സി മറികടന്നേക്കും, കഴിഞ്ഞ ദിവസം ജിറോനയുമായുള്ള മത്സരത്തോടെ ലാ ലീഗയിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച സ്പെയിൻകാരനല്ലാത്ത താരം എന്ന റെക്കോർഡും മെസ്സി സ്വന്തം പേരിൽ കുറിച്ചിരുന്നു.