സൂപ്പർകപ്പും മലയാളത്തിൽ കാണാം
സൂപ്പർകപ്പ് മത്സരങ്ങൾ ആറ് പ്രാദേശിക ഭാഷാ ചാനലുകളിൽ തൽസമയം സംപ്രേക്ഷണം ചെയ്യും
ഇന്ത്യൻ സൂപ്പർ ലീഗിനുശേഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകപ്പിലെ മുന്നേറ്റങ്ങൾക്ക് കാത്തിരിക്കുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. സൂപ്പർകപ്പ് മത്സരങ്ങളും ഇനി മലയാളത്തിൽ കാണാം. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, ബംഗ്ല, കന്നഡ എന്നിങ്ങനെ ആറ് പ്രാദേശിക ഭാഷാ ചാനലുകളിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ തീരുമാനമായി.
സ്റ്റാർ ചാനലുകളാണ് മത്സരങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്യുക. ഇംഗ്ലീഷിൽ സ്റ്റാർ സ്പോർട്സ് 2, സ്റ്റാർസ്പോർട്സ് 2 എച്ച് ഡി എന്നീ ചാനലുകളിലാവും മത്സരങ്ങൾ ലഭ്യമാകുക. കന്നഡയിൽ സ്റ്റാർ സുവർണ്ണ പ്ലസ്, തമിഴിൽ സ്റ്റാർ സ്പോർട്സ് തമിഴ്, ബംഗ്ല ഭാഷയിൽ ജൽഷ മൂവീസ് എന്നീ ചാനലുകളിൽ കളി കാണാം. മലയാളികൾക്ക് ഏഷ്യനെറ്റ് മൂവീസിൽ മൽസരങ്ങൾ കാണാനാകും.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഈ മാസം 31ന് ടൂർണമെന്റിന്റെ അവസാന റൗണ്ട് നടക്കും. കേരളത്തിൽ നിന്നും രണ്ട് ടീമുകൾ മൽസരിക്കുന്നു എന്നത് സൂപ്പർ കപ്പിന്റെ പ്രത്യേകതയാണ്. കേരളാ ബ്ലാസ്റ്റേഴ്സിനു പുറമേ ഗോകുലം എഫ് സിയും ആദ്യ സൂപ്പർകപ്പിൽ മത്സരിക്കുന്നുണ്ട്.