Finalissima 2025: മെസിക്കെതിരെ പന്ത് തട്ടാന്‍ യമാല്‍; ഫൈനലിസിമയെ കുറിച്ച് അറിയേണ്ടതെല്ലാം
2025 ലാണ് ഫൈനലിസിമ നടക്കുക
Lionel messi and Lamine Yamal
Finalissima 2025: യൂറോ കപ്പ് ചാംപ്യന്‍മാരും കോപ്പ അമേരിക്ക ചാംപ്യന്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഫൈനലിസിമ. ഇത്തവണ കോപ്പയില്‍ മുത്തമിട്ട അര്‍ജന്റീനയ്ക്ക് യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനിനെ ഫൈനലിസിമയില്‍ നേരിടേണ്ടിവരും.
2025 ലാണ് ഫൈനലിസിമ നടക്കുക. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും അടുത്ത ഫൈനലിസിമ. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലിസിമ ആയിരിക്കും ഇത്. കഴിഞ്ഞ ഫൈനലിസിമയില്‍ ഇറ്റലിയെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം ചൂടിയിരുന്നു.
സ്‌പെയിന്‍ - അര്‍ജന്റീന പോരാട്ടത്തിനു അപ്പുറം ലയണല്‍ മെസിക്കെതിരെ യുവതാരം ലാമിന്‍ യമാല്‍ കളിക്കാന്‍ ഇറങ്ങുന്നതാകും വരാനിരിക്കുന്ന ഫൈനലിസിമയിലെ ഏറ്റവും മനോഹരമായ കാഴ്ച. ബാഴ്‌സ സൂപ്പര്‍താരമായിരിക്കെ കുട്ടിയായ യമാലിനെ മെസി കൈകളില്‍ എടുത്തിരിക്കുന്ന ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ യമാല്‍ ബാഴ്‌സയുടെ ഭാവി താരം കൂടിയാണ്. അര്‍ജന്റീന കോപ്പ അമേരിക്ക ജയിക്കുകയും സ്‌പെയിന്‍ യൂറോ കപ്പ് നേടുകയും ചെയ്താല്‍ തനിക്ക് ഫൈനലിസിമയില്‍ മെസിക്കെതിരെ കളിക്കാമെന്നും അതിനായി കാത്തിരിക്കുകയാണെന്നും യമാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലണ്ടനില്‍ വെച്ചായിരിക്കും ഇത്തവണയും ഫൈനലിസിമ നടക്കുക.