ഫുട്‌ബോളില്‍ ബ്രസീലും അര്‍ജന്റീനയും ചിരവൈരികളാണ്. അര്‍ജന്റീന-ബ്രസീല്‍ പോരാട്ടങ്ങള്‍ക്ക് മറ്റെല്ലാ മത്സരങ്ങളേക്കാള്‍ പ്രാധാന്യവും ആരാധകര്‍ നല്‍കുന്നു. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ അവസാന അഞ്ച് തവണ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ഉള്ള ഫലം എങ്ങനെയാണെന്ന് അറിയാമോ? ഈ കണക്കുകള്‍ അര്‍ജന്റീന ആരാധകരെ വിഷമിപ്പിക്കും.
1. കോപ്പ അമേരിക്ക 2019 സെമി ഫൈനല്‍
കഴിഞ്ഞ കോപ്പ അമേരിക്കയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന മേജര്‍ ടൂര്‍ണമെന്റ്. അന്ന് സെമി ഫൈനല്‍ മത്സരത്തിലാണ് ബ്രസീല്‍ അര്‍ജന്റീനയുടെ എതിരാളികളായി എത്തിയത്. 2-0 ത്തിന് വിജയം ബ്രസീലിനൊപ്പം നിന്നു. ഗബ്രിയേല്‍ ജെസ്യൂസും റോബര്‍ട്ടോ ഫിര്‍മിനോയും ബ്രസീലിനായി ഗോള്‍ നേടി.
2. കോപ്പ അമേരിക്ക, 2007 ഫൈനല്‍
2007 കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയുമാണ് ഏറ്റുമുട്ടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചു. ജുലിയോ ബാപ്റ്റിസ്റ്റ, ഡാനി ആല്‍വസ് എന്നിവര്‍ ഗോള്‍ നേടി. ഒരു ഓണ്‍ ഗോളും പിറന്നു.
3. കോപ്പ അമേരിക്ക, 2004 ഫൈനല്‍
2004 കോപ്പ അമേരിക്ക ഫൈനലില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി. പിന്നീട് ടൈ-ബ്രേക്കറില്‍ ബ്രസീല്‍ വിജയം നേടി. 4-2 നായിരുന്നു ബ്രസീല്‍ വിജയിച്ചത്.
4. കോപ്പ അമേരിക്ക, 1999 ക്വാര്‍ട്ടര്‍ ഫൈനല്‍
1999 കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചു. റൊണാള്‍ഡോയും റിവാല്‍ഡോയും ബ്രസീലിനായി ഗോള്‍ നേടി. ജുവാന്‍ പാബ്‌ളോ സോറിന്‍ ആണ് അര്‍ജന്റീനയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.
5. കോപ്പ അമേരിക്ക, 1995 ക്വാര്‍ട്ടര്‍ ഫൈനല്‍
1995 ലെ കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിലായി. പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 ന് ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തു.
മേജര്‍ ടൂര്‍ണമെന്റുകളിലെ അവസാന അഞ്ച് മത്സരങ്ങളുടെ ഫലം ഇങ്ങനെ ആണെങ്കിലും ആകെ പോരാട്ടങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ആശ്വസിക്കാം. ഇരു ടീമുകളും 111 മത്സരങ്ങളിലാണ് ആകെ ഏറ്റുമുട്ടിയിരിക്കുന്നത്. ഇതില്‍ 46 മത്സരങ്ങളില്‍ വിജയം അര്‍ജന്റീനയ്ക്കാണ്. ബ്രസീലിന് ജയിക്കാന്‍ സാധിച്ചത് 40 കളികളില്‍ മാത്രം. 25 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.