ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് വിരാട് കോലി. തന്റെ കരിയറിലെ പ്രൈമിൽ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത പ്രകടനമാണ് കോലി കാഴ്‌ച്ചവെച്ചതെങ്കിൽ തന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള മടക്കയാത്രയിലാണോ താരമെന്ന് സൂചിപ്പിക്കുന്ന പ്രകടനമാണ് ഏറെ നാളുകളായി കോലി കാഴ്ച്ചവെയ്ക്കുന്നത്.
അമ്പതുകൾക്ക് മുകളിൽ റൺസ് കണ്ടെത്താൻ പലപ്പോഴും സാധിക്കുന്നുണ്ടെങ്കിലും ഒരു സെഞ്ചുറി നേട്ടം കോലിയിൽ നിന്നും അകന്ന് നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ റെക്കോഡിന് ഭീഷണിയാകുമെന്ന് കരുതിയിരുന്ന കോലി തീർത്തും നിറം മങ്ങുന്ന കാഴ്ച്ചയാണ് കഴിഞ്ഞ രണ്ട് വർഷമായി കാണാനാവുന്നത്.
കൊവിഡ് കളം നിറഞ്ഞ 2020ൽ ആകെ 3 ടെസ്റ്റുകളാണ് കോലി കളിച്ചത്. 2020ൽ ഫെബ്രുവരിയിൽ ടെസ്റ്റ് കളിച്ചതിന് ശേഷം താരം ടെസ്റ്റ് മത്സരം കളിക്കുന്നത് 2020 ഡിസംബറിൽ മാത്രം. ഓസീസിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നന്നായി തുടങ്ങിയ കോലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക്. 2020ൽ ആകെ 3 ടെസ്റ്റുകളിലെ ആറ് ഇന്നിങ്സിൽ നിന്നും 19.33 ശരാശരിയിൽ 116 റൺസുകൾ മാത്രം.
എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ കോലിയെ കാത്തിരുന്ന വർഷമായിരുന്നു 2021. ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേട്ടം ഇല്ലാ എന്നതൊഴിച്ചാൽ ഭേദപ്പെട്ട പ്രകടനമായിരുന്നു കോലി കാഴ്‌ച്ചവെച്ചത്. എന്നാൽ സെഞ്ചുറി പ്രകടനം ലിമിറ്റഡ് ഓവറിലും കോലിക്ക് അന്യം നിന്നു. ഇതിനിടയിൽ ടി20 ലോകകപ്പിലെ തോൽവിയും കോലി സ്വമേധയാ ടി20 നായകസ്ഥാനം മാറ്റിവെച്ചതും കോലിയും ബിസിസിഐയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടു.
ടി20 ദേശീയ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലിൽ ആർസിബി നായകസ്ഥാനവും കോലി ഒഴിഞ്ഞത് ആരാധകരെ ഞെട്ടിച്ചു. പിന്നാലെ ടി20 നായകസ്ഥാനവും ഏകദിന നായകസ്ഥാനവും രോഹിത്തിന് കൈമാറപ്പെടുകയും കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയതിലുള്ള അതൃപ്‌തി താരം തന്നെ പ്രകടമാക്കുകയും ചെയ്‌തതിന് 2021 സാക്ഷ്യം വഹിച്ചു.
ഇതോടെ മികച്ച പ്രകടനം നൽകാൻ കോലിയ്ക്ക് മോളിലുള്ള സമ്മർദ്ദം ഏറുന്നതിനാണ് 2021ൽ കാണാനായത്. ഏകദിന,ടി20 നായകസ്ഥാനത്തിന് പിന്നാലെ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യുപ്പെടുമെന്ന അവസ്ഥയിലാണ് ഇന്ത്യൻ സൂപ്പർ താരമിപ്പോൾ.
ബിസിസിഐയുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ കോലിയ്ക്ക് തന്റെ സ്ഥാനം ചോദ്യം ചെയ്യാൻ ആർക്കും തന്നെ അർഹതയില്ലെന്ന് പ്രഖ്യാപിക്കാൻ അവസാനം കിട്ടുന്ന അവസരമാണ് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് സീരീസ്. ടീം നായകനെന്ന നിലയിൽ മികച്ച നേട്ടം കൊയ്യുന്നുവെങ്കിലും ടെസ്റ്റ് താരമെന്ന നിലയിൽ പരാജയപ്പെടുന്നു എന്നത് കോലി ആരാധകരെ സംബന്ധിച്ച് നിരാശനൽകുന്ന വാർത്തയാണ്.
2021ൽ ആകെ 19 ഇന്നിങ്സുകളിൽ നിന്ന് 28.21 ശരാശരിയിൽ 536 റൺസ് മാത്രമാണ് കോലിയ്ക്ക് നേടാനായത്. ഇതിൽ 4 അർധസെഞ്ചുറികൾ ഉൾപ്പെടുന്നു. ഈ വർഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിന് ശേഷം ശ്രീലങ്കയുമായും ഓസീസുമായും ബംഗ്ലാദേശുമായും മാത്രമാണ് ടെസ്റ്റ് മത്സരങ്ങളുള്ളത്. ആയതിനാൽ തന്നെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തുക എന്നത് കോലിയ്ക്ക് ഏറെ പ്രധാനമാണ്.
നിലവിൽ ഫോമിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന കോലിക്ക് മുമ്പത്തെ പോലെ ബിസിസിഐയുടെ പിന്തുണ ഇല്ലാ എന്നതാണ് താരത്തിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത്. 33 വയസായ താരം തന്റെ പാരമ്യത്തിൽ നിന്നും മടങ്ങുകയാണ് എന്നത് തന്നെയാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്. എങ്കിലും താരത്തിൽ ഇനിയും കളി ബാക്കിയുണ്ടെന്നത് ഏവരും തന്നെ അംഗീകരിക്കുകയും ചെയ്യുന്നു. പ്രായവും ടീമിൽ അവസരത്തിനായി കാത്തിരിക്കുന്ന യുവതാരങ്ങളും കോലിയിൽ സമ്മർദ്ദം ഉയർത്തുമ്പോൾ പഴയ ഫോമിലേയ്ക്ക് തങ്ങളുടെ പ്രിയതാരം മടങ്ങി വരുന്നത് കാത്താണ് ആരാധകർ ഇരിക്കുന്നത്. അതിനാവട്ടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒരു സെഞ്ചുറി പ്രകടനം നിർണായകമാവുകയും ചെയ്യും.