മലയാള സിനിമാ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഏറെക്കാലമായി കാത്തിരുന്ന ‘മാസ്റ്റര്‍പീസ്’ റിലീസായി. മമ്മൂട്ടി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോളജ് അധ്യാപകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. തിരക്കഥ ഉദയ്കൃഷ്ണ.
‘മഴയെത്തും മുമ്പേ’ എന്ന ക്ലാസിക് സിനിമ ഏവരും ഓര്‍ക്കുന്നുണ്ടാകും. ആ കോളജ് അധ്യാപകനില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കോളജ് പ്രൊഫസര്‍ക്ക്. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് പേര്. എഡ്ഡി എന്ന് ഏവരും വിളിക്കും. ഇംഗ്ലീഷ് പ്രൊഫസറാണ്. അതുകൊണ്ട് ബുക്ക് മാത്രം കൈയിലെടുക്കുകയും എല്ലാവരെയും നന്നായി ഉപദേശിക്കുകയും നേര്‍വഴിക്കുനടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതൊരു അഡാറ് ഐറ്റമാണ്. തല്ലിന് തല്ല്, ചോരയ്ക്ക് ചോര എന്ന മട്ട്.
ഈ വര്‍ഷം മമ്മൂട്ടിക്ക് മൂന്ന് റിലീസുകള്‍ നേരത്തേയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും മാസ്റ്റര്‍പീസിനോളം പ്രേക്ഷകര്‍ കാത്തിരുന്ന പ്രൊജക്ടുകളായിരുന്നില്ല. ഈ സിനിമയെപ്പറ്റി ആദ്യം പറയാനുള്ളത് ആ കാത്തിരിപ്പ് അര്‍ത്ഥവത്തായിരിക്കുന്നു എന്നാണ്. അതിഗംഭീരമായ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് മാസ്റ്റര്‍ പീസ്.
പുലിമുരുകനില്‍ ഉദയ്കൃഷ്ണ ഏത് രീതിയിലുള്ള വിജയം രുചിച്ചുവോ അത് ആവര്‍ത്തിക്കുക തന്നെയാണിവിടെ. മമ്മൂട്ടി ആരാധകരെയാണ് ഉദയ്കൃഷ്ണ പ്രധാനമായും ലക്‍ഷ്യമിട്ടിരിക്കുന്നത്. അവരെ തൃപ്തിപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമികമായ ദൌത്യം. അക്കാര്യത്തില്‍ പരിപൂര്‍ണവിജയമാണ് മാസ്റ്റര്‍പീസ്.
മാത്രമല്ല, മമ്മൂട്ടി ആരാധകരെ മാറ്റിനിര്‍ത്തി സാധാരണ സിനിമാ പ്രേക്ഷകരുടെ കാര്യമെടുത്താലും മാസ്റ്റര്‍പീസ് വര്‍ക്കൌട്ടായിരിക്കുന്നു എന്ന് വ്യക്തം. സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ചടുലമായ മാസ് സിനിമയാണിത്. രാജാധിരാജയില്‍ സംഭവിച്ച ചെറിയ പിഴവുകളെല്ലാം തിരുത്തി മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമ സമ്മാനിച്ചിരിക്കുകയാണ് മാസ്റ്റര്‍പീസിലൂടെ അജയ് വാസുദേവ്.
മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഇന്‍ട്രൊ തന്നെ സൂപ്പറാണ്. ഈ വര്‍ഷം മറ്റൊരു മാസ് സിനിമയിലും ഇത്രയും കിടിലനായ ഇന്‍ട്രൊ സീക്വന്‍സ് ഉണ്ടായിട്ടില്ല. പുലിമുരുകനില്‍ മൂപ്പനിലൂടെയും ലാലിന്‍റെ കഥാപാത്രത്തിലൂടെയും നായകന് വേണ്ടതിലധികം ബില്‍ഡപ്പ് കൊടുത്തുകൊണ്ടുള്ള രീതിയായിരുന്നു ഉദയ്കൃഷ്ണ പിന്തുടര്‍ന്നതെങ്കില്‍ മാസ്റ്റര്‍പീസില്‍ തീര്‍ത്തും വ്യത്യസ്തമാണ് കാര്യങ്ങള്‍. അവിടെ മമ്മൂട്ടി എന്ന താരത്തെ ഏറ്റവും സ്റ്റൈലിഷായി എങ്ങനെ പ്രസന്‍റ് ചെയ്യാം എന്ന ഏറെനാളത്തെ ഗവേഷണം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.
മൂന്ന് നായികമാരുടെ സാന്നിധ്യമുണ്ട് മാസ്റ്റര്‍പീസില്‍. അതില്‍ ഏറ്റവും ഗംഭീരം വരലക്‍ഷ്മിയാണെന്ന് പറയാതെ വയ്യ. പൊലീസ് ഗെറ്റപ്പില്‍ വരലക്ഷ്മി തകര്‍ത്തു. മമ്മൂട്ടിയും വരലക്ഷ്മിയുടെ ദുര്‍ഗയും കൊമ്പുകോര്‍ക്കുന്ന ദൃശ്യങ്ങള്‍ ത്രില്ലടിപ്പിക്കും. നിപുണന്‍ എന്നൊരു തമിഴ് സിനിമ സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയിരുന്നു. ആ സിനിമയിലും പൊലീസ് കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിച്ചത്. എന്നാല്‍ അതിനേക്കാള്‍ അമ്പത് ശതമാനത്തിലധികം പവര്‍ഫുളായ പെര്‍ഫോമന്‍സാണ് വരലക്ഷ്മി കാഴ്ചവച്ചത്. പൂനം ബജ്‌വയും മഹിമ നമ്പാര്യം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മഹിമയും ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന ഗാനരംഗം സിനിമയുടെ ഹൈലൈറ്റാണ്. സന്തോഷ് പണ്ഡിറ്റിന്‍റെ സാന്നിധ്യം തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കുന്നുണ്ട്.
ഏറ്റവും പ്രധാനമായി പറയേണ്ടത് ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചാണ്. അവിശ്വസനീയമാം വിധം ഗംഭീരമായ ആക്ഷന്‍ സീക്വന്‍സുകളാണ് മാസ്റ്റര്‍പീസിലേത്. മുമ്പ് പുലിമുരുകനിലെ സ്റ്റണ്ട് രംഗങ്ങള്‍ നമ്മളെ വിസ്മയിപ്പിച്ചെങ്കില്‍ അതിലും മാസ് ആയാണ് ഈ സിനിമയില്‍ ആക്ഷന്‍ അജയ് വാസുദേവ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റണ്ട് രംഗങ്ങളില്‍ മമ്മൂട്ടിയുടെ ഏറ്റവും തകര്‍പ്പന്‍ പ്രകടനം തന്നെ ഈ സിനിമയില്‍ കാണാം.
ചടുലതയാര്‍ന്ന ഒരു കാമ്പസ് ത്രില്ലറിന്‍റെ എല്ലാ ഗുണങ്ങളും അനുഭവിപ്പിക്കുന്നതാണ് മാസ്റ്റര്‍ പീസിന്‍റെ സിനിമാട്ടോഗ്രഫി. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകന്‍. ജോണ്‍ കുട്ടിയുടെ എഡിറ്റിംഗും ഗംഭീരം.
മൊത്തത്തില്‍ പറയുകയാണെങ്കില്‍, ഒരു ഒന്നാന്തരം ക്രിസ്മസ് വിരുന്നാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ഗാനരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും ഒരു ഫെസ്റ്റിവല്‍ ചിത്രത്തിന്‍റെ സകലമൂഡും നിലനിര്‍ത്തുന്ന സിനിമ തകര്‍പ്പന്‍ ഹിറ്റായി മാറുമെന്നാണ് തിയേറ്ററുകള്‍ നല്‍കുന്ന സൂചന.