മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി ഒരുക്കിയ സിനിമ. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്ഗോപി തകര്‍ത്താടിയ സിനിമ. ചാക്കോച്ചി തിരിച്ചുവരികയാണ്.
അതേ, ‘ലേലം 2’ ഒരുങ്ങുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും മുഖ്യധാരയിലേക്ക് വരുന്ന ചിത്രം കൂടിയാകും ഇത്. ലേലത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്‍റെ വേദനയായിരിക്കും.
കസബയ്ക്ക് തിരക്കഥയെഴുതിയത് നിഥിന്‍ തന്നെയായിരുന്നു. എന്നാല്‍ ലേലം 2 എഴുതുന്നത് രണ്‍ജി പണിക്കരാണ്. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം.
സ്ഥിരമായി ഷാജി കൈലാസിന് വേണ്ടി എഴുതിക്കൊണ്ടിരുന്ന രണ്‍ജി പണിക്കര്‍ ആ പതിവ് വിട്ട് ജോഷിക്ക് ഒരു തിരക്കഥ എഴുതി നല്‍കാന്‍ തീരുമാനിക്കുന്നിടത്താണ് ‘ലേലം’ എന്ന സിനിമയുടെ തുടക്കം.
1997ലാണ് ജോഷിക്ക് രണ്‍ജി തിരക്കഥ നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയാണ് രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.
പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു.
സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി.
സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ പെര്‍ഫോമന്‍സുമായി സുരേഷ്ഗോപി കസറി. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.
ലേലത്തിന്‍റെ രണ്ടാം ഭാഗം തിരക്കഥയെഴുതിക്കൊണ്ടിരിക്കെ അടുത്തിടെ മറ്റൊരു വെളിപ്പെടുത്തല്‍ രണ്‍ജി പണിക്കര്‍ നടത്തി. "സിനിമയിലൊന്നും അഭിരമിക്കാത്ത ഹതഭാഗ്യനായ നടനായിരുന്നു രതീഷ്. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇട്ടിട്ടുപോകാന്‍ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ സത്യഗ്രഹം ചെയ്താണ് കമ്മീഷണറിലെ മോഹന്‍ തോമസിനെ അവതരിപ്പിക്കാമെന്ന് സമ്മതിപ്പിച്ചത്. ഏത് കാലത്തെയും ഹീറോ ആയിരുന്നു അദ്ദേഹം. ലേലത്തിലേക്ക് വിളിച്ചപ്പോള്‍ വരില്ല എന്ന് തീര്‍ത്തുപറഞ്ഞു. എവിടെയാണെന്നും പറഞ്ഞുതന്നില്ല. ഞാന്‍ പിണങ്ങിയിട്ടുണ്ട്. ആ കോമ്പിനേഷന്‍ വന്നാല്‍ ലേലം മറ്റൊരു തലത്തിലായേനേ" - ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.