വീണ്ടും അഴിച്ചുപണി, കടുത്ത നിയന്ത്രണമേർപ്പെടുത്തി 'അമ്മ'; ദിലീപിന്റെ കാര്യം എന്താവും? മമ്മൂട്ടി എത്തുമോ?
ദിലീപിന്റെ കാര്യം എന്താവും? അമ്മയിൽ വീണ്ടും അഴിച്ചുപണി
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് നടക്കുകയാണ്. മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് അടുത്ത അമ്മ പ്രസിഡന്റ് ആരാണെന്ന് അറിയാനാണ്. ഇന്നസെന്റ് അമ്മയുടെ സ്ഥാനം രാജിവെച്ചതോടെ മോഹൻലാൽ ഇന്ന് സ്ഥാനമേൽക്കും. അടുത്തിടെ ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇതേ സംബന്ധിച്ച് നിരവധി വാർത്തകളും ഉണ്ടായിരുന്നു.
ഇതിന് പുറമേ ഇന്ന് അമ്മയുടെ യോഗത്തിൽ എടുക്കുന്ന മറ്റ് തീരുമാനങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് അറിയാനും ആകാംക്ഷ ഏറെയാണ്. അമ്മയിൽ നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കുമോ? പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ആരൊക്കെ ആയിരിക്കും തുടങ്ങിയ ഒരുപാട് ചോദ്യങ്ങളുണ്ട്.
എന്നാൽ ഇന്ന് നടക്കുന്ന യോഗത്തിൽ മാധ്യമങ്ങളെ അകത്ത് കടത്തില്ല. കടുത്ത നിയന്ത്രണമാണ് അമ്മ ഇതിനായി ഒരുക്കിയിരിക്കുന്നത്. എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലിലാണ് താര സംഘടന യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഇതുവരെ ട്രഷറൻ സ്ഥനത്ത് മറ്റൊരാളെ നിയോഗിച്ചിരുന്നില്ല. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചോക്കോ ബോബൻ, ജയസൂര്യ എന്നിവരോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷൂട്ടിംഗിന്റെ തിരക്ക് കാരണം മമ്മൂട്ടി എത്തുമോ എന്നത് സംശയകരമാണ്.