‘മാമാങ്കം’ എന്ന സിനിമ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റാകുമെന്ന വിശ്വാസക്കാരില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടാകും. അതിന് കാരണം സംവിധായകന്‍ എം പദ്‌മകുമാര്‍ തന്നെ. അസാധാരണ കൈയ്യടക്കമുള്ള സംവിധായകനാണ് പദ്‌മകുമാറെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെയാണ്, ഏറെ പ്രതിസന്ധികള്‍ക്കിടയിലും മാമാങ്കം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ പത്മകുമാര്‍ തന്നെയാണെന്ന് മമ്മൂട്ടിക്ക് തോന്നിയതും.
പത്‌മകുമാര്‍ മുമ്പ് ഒരേയൊരു മമ്മൂട്ടിച്ചിത്രം മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ‘പരുന്ത്’ എന്ന ആ സിനിമ ബോക്സോഫീസില്‍ അത്ര മികച്ച ഒരു പ്രകടനം കാഴ്ചവച്ച സിനിമയല്ല. പിന്നെ എന്തുകൊണ്ടായിരിക്കാം ‘മാമാങ്കം’ പത്‌മകുമാറിനെ ഏല്‍പ്പിക്കാന്‍ മമ്മൂട്ടിക്ക് തോന്നിയതിനുപിന്നിലെ കാരണം?
അത്, പത്മകുമാര്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നാളുകള്‍ തന്നെയാണ്. അക്കാലം മുതലേ മമ്മൂട്ടിക്ക് പത്മകുമാറിന്‍റെ കഴിവുകള്‍ അറിയാം. ഒറ്റയ്ക്ക് ഒരു പ്രൊജക്ടിനെ മുമ്പോട്ടുനയിക്കാനുള്ള പത്മകുമാറിന്‍റെ കഴിവ് മമ്മൂട്ടി ആ കാലത്താണ് മനസിലാക്കിയത്. ഹരിഹരന്‍, ഐ വി ശശി, ജോഷി, ഷാജി കൈലാസ്, രഞ്ജിത് തുടങ്ങിയ സംവിധായകരുടെ പ്രധാന സഹായിയായിരുന്നു എം പത്മകുമാര്‍. 17 ചിത്രങ്ങളിലാണ് സംവിധാന സഹായിയായും അസോസിയേറ്റായുമൊക്കെ പത്മകുമാര്‍ പ്രവര്‍ത്തിച്ചത്.
ഒരു വടക്കന്‍ വീരഗാഥ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, നീലഗിരി, വല്യേട്ടന്‍, ബ്ലാക്ക്, പുത്തന്‍പണം എന്നീ മമ്മൂട്ടി സിനിമകളില്‍ എം പത്മകുമാര്‍ സംവിധാന സഹായി ആയിരുന്നു. എന്തായാലും ‘മാമാങ്കം’ ഉടന്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മമ്മൂട്ടി ആരാധകരും ആവേശത്തിലാണ്. ടീസര്‍ മെഗാഹിറ്റായി. ട്രെയിലര്‍ ഉടനെത്തും. പിന്നാലെ ചിത്രവും റിലീസ് ചെയ്യുമ്പോള്‍ അത് മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായി മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.