മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എം. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ചരിത്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. കിടിലൻ വിഷ്വലുകളാണ് ചിത്രത്തിലുടനീളമെന്ന് തെളിയിക്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ് മാമാങ്കത്തിനായി ഒരുക്കിയത്. കണ്ണൂർ, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. മലയാള സിനിമയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് മാമാങ്കം. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം സംവിധായകനെയും കുറച്ചു അണിയറ പ്രവർത്തകരേയും മാറ്റിയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. സംവിധായകൻ സജീവ് പിള്ളയെയും നടൻ ധ്രുവനെയും അവസാന നിമിഷമാണ് ചിത്രത്തിൽ നിന്ന് മാറ്റിയത്.
പല പ്രദേശങ്ങളിൽ നിന്നുള്ള ധീര യോദ്ധക്കൾ അവരുടെ ശക്തി തെളിയിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. സമോറിൻ ഭരണാധികാരികളെ പരാജയപ്പെടുത്തുവാൻ ഇറങ്ങി തിരിക്കുന്ന ഈ യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം വലിയ ബഡ്ജറ്റിൽ തന്നെയാണ് ഒരുക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചന്ദ്രോത് പണിക്കർ എന്ന വേഷമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. തരുൻ രാജ് അറോറ, പ്രാചി തെഹ്‌ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
മാമാങ്കത്തില്‍ മെഗാസ്റ്റാറിന്റെ പ്രകടനം കാണാനായിട്ട് തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മുന്‍പ് സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ ചരിത്ര സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മാമാങ്കവും അതുപോലെ വലിയ വിജയമാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.