മമ്മൂട്ടിയുടെ മധുരരാജ 100 കോടി ക്ലബ്ബിലേക്ക്, രണ്ട് 100 കോടി ക്ലബ്ബ് നേട്ടവുമായി വൈശാഖും
സിനിമ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചന നല്‍കി ആരാധകര്‍ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പിനൊപ്പം കേക്ക് മുറിച്ച് ആഘോഷം നടത്തി.
മമ്മൂട്ടി നായകനായി വിഷു സീസണില്‍ എത്തിയ മധുരരാജ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് സിനിമയുടെ കളക്ഷന്‍ 100 കോടി പിന്നിട്ടതായി ഉടന്‍ പ്രഖ്യാപിക്കുമെന്നറിയുന്നു. ഓവര്‍സീസ് കളക്ഷന്‍ കണക്കുകള്‍ പൂര്‍ണമായും കിട്ടുന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. ഓൺലൈൻ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
27 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ മധുരരാജ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരിരാജയുടെ തുടര്‍ച്ചയാണ് മധുരരാജ. പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കില്‍ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.സിനിമ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചന നല്‍കി ആരാധകര്‍ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പിനൊപ്പം കേക്ക് മുറിച്ച് ആഘോഷം നടത്തി.
മലയാളത്തില്‍ രണ്ട് 100 കോടി ക്ലബ്ബ് സിനിമകളുടെ സംവിധായകനെന്ന നേട്ടം ഇതോടെ വൈശാഖിന് സ്വന്തമാവുകയാണ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 100 കോടി പിന്നിട്ട സിനിമ. റിലീസ് ചെയ്ത് ഒരു മാസത്തിനകം ആണ് പുലിമുരുകന്‍ 100 കോടി പിന്നിട്ടത്. മമ്മൂട്ടിയുടെ ആദ്യ 100 കോടി ക്ലബ്ബ് നേട്ടമാണ് മധുരരാജ. തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കും മധുരരാജയിലൂടെ രണ്ട് 100 കോടി ക്ലബ്ബ് സിനിമകളുടെ തിരക്കഥാകൃത്തെന്ന നേട്ടം സ്വന്തമായി. മധുരരാജ തിയറ്ററുകളിലെത്തിച്ചത് ഉദയകൃഷ്ണയുടെ യുകെ സ്റ്റുഡിയോസ് ആണ്.