ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് തെളിയിച്ചവരാണ് മമ്മൂട്ടിയും മോഹൻലാലും. ഈ വർഷത്തെ നാഷണൽ അവാർഡിൽ മികച്ച നടനുള്ള മത്സരത്തിൽ മോഹൻലാലും മമ്മൂട്ടിയുമുണ്ട്. തമിഴിൽ നിന്നുമാണ് മമ്മൂട്ടിയുടെ നോമിനേഷൻ ഉള്ളത്. മലയാളത്തിൽ നിന്നും മോഹൻലാലും ജയസൂര്യയുമാണുള്ളത്.
12 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി എത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമായിരുന്നു ആ വരവ്. അമുദവനെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി അമുദവനിലൂടെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാലിനെ പരിഗണിച്ചിരിക്കുന്നത്. 2019ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച നടനാണ് മോഹൻലാൽ എന്നതും ശ്രദ്ധേയമാണ്. അതിനാൽ, തന്നെ പുരസ്കാരം മോഹൻലാൽ സ്വന്തമാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അമുദവനാണോ ഒടിയൻ മാണിക്യനാണോ മികച്ചതെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി ഏവരും പറയുക അമുദവൻ എന്നു തന്നെയാകും. എന്നിരുന്നാലും ജൂറിക്ക് മുന്നിൽ ആരാണോ മികച്ചതെന്ന് തോന്നുക, അവർക്കാകും അവാർഡ്. അതിനാൽ തന്നെ മുൻകൂട്ടി നിർണയിക്കാൻ സാധ്യമല്ല.
നിലവിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റവും അധികം വാങ്ങിയത് അമിതാഭ് ബച്ചൻ ആണ്. നാല് തവണ ബിഗ് ബി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ, മൂന്ന് അവാർഡുകളുമായി മമ്മൂട്ടിയും കമൽഹാസനും ഒരുമിച്ചാണുള്ളത്. രണ്ട് തവണ മാത്രമാണ് മികച്ച നടനുള്ള അവാർഡ് മോഹൻലാലിനു സ്വന്തമാക്കാൻ ആയത്.