ബിഗ് ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ പിന്തുണച്ചതിന് സ്വകാര്യ ചാനൽ തനിക്കു നിരോധം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി സീരിയൽ നടൻ മനോജ് കുമാർ. താൻ കൂടി ഭാഗമായിരുന്ന ചാനൽ പരിപാടിയിൽ നിന്നും ചാനൽ അധികാരികൾ തന്നെ പുറത്താക്കിയതെന്നു മനോജ് പറയുന്നു. ചാനലിനെതിരെ സംസാരിച്ചത് കൊണ്ടാണ് മനോജിനെ വിലക്കിയതെന്നാണ് റിപ്പോർട്ട്.
ബിഗ് ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഫാൻസ് എന്ന് സ്വയം പറയുന്ന ഒരുകൂട്ടം ആളുകൾ പക്ഷേ വളരെ മോശമായ രീതിയിലായിരുന്നു സോഷ്യൽ മീഡിയകളിൽ മറ്റ് മത്സരാർത്ഥികളെ തേജോവധം ചെയ്തുകൊണ്ടിരുന്നത്. രജിതിനെ പിന്തുണച്ചവരുടെ കൂട്ടത്തിൽ മനോജ് കുമാറും ഉണ്ടായിരുന്നു.
രജിത് കുമാറിനെ പരിപാടിയിൽ നിന്നും പുറത്താക്കിയതിനെതിരെ ചാനലിനെ വിമർശിച്ചുകൊണ്ട് മനോജ് മുൻപ് രംഗത്തെത്തിയിരുന്നു. അന്ന് ഉണ്ടായ ഒരു വികാരത്തള്ളിച്ചയിലും വിഷമത്തിലും ഏഷ്യാനെറ്റ് കാണില്ലെന്നായിരുന്നു മനോജ് പറഞ്ഞത്. രജിതിനെ പുറത്താക്കിയത് ചാനൽ മനപൂർവ്വം ആണെന്നൊരു ധ്വനി അതിലുണ്ടെന്ന് ചില ഫാൻസും എടുത്ത്പറഞ്ഞിരുന്നു. ഇതാണ് ചാനലുകാർ ശക്തമായ നടപടി സ്വീകരിക്കാനുണ്ടായ കാരണം.
ആ ചാനൽ താനിനി കാണില്ല എന്ന് പറഞ്ഞത് മിനിസ്ക്രീൻ ആക്ടർ എന്ന നിലയിൽ താൻ ചെയ്ത തെറ്റാണെന്നും മനോജ് വ്യക്തമാക്കി. ആ പരിപാടി ഇനി കാണില്ലെന്ന് പറയാനായിരുന്നു ഉദ്ദേശിച്ചതെന്നും അബദ്ധത്തിൽ പറ്റിപ്പോയ ഒരു കാര്യമാണെന്നും മനോജ് പറയുന്നു.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഈ പ്രതികരണം നടത്തിയത്. താൻ ചാനലിനെയല്ല കുറ്റം പറഞ്ഞതെന്നും രജിത്തിനോട് അപമര്യാദയായും ക്രൂരമായും പെരുമാറുന്ന ബിഗ് ബോസിലെ ചില മത്സരാർത്ഥികളുടെ പ്രവർത്തികളെയാണ് മനോജ് പറയുന്നു.