പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ഗണത്തിലേക്ക്. രണ്ടുവാരം പിന്നിടുമ്പോള്‍ ചിത്രം 20 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ദിവസങ്ങള്‍ക്കകം ചിത്രത്തിന്‍റെ കളക്ഷന്‍ 25 കോടി മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍താര ചിത്രങ്ങളുടേതിന് സമാനമായ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ആദി പിന്നീടുള്ള ദിവസങ്ങളും ആ കളക്ഷന്‍ ട്രെന്‍ഡ് നിലനിര്‍ത്തിയതാണ് വലിയ സാമ്പത്തികനേട്ടമായി ചിത്രം മാറാന്‍ കാരണം. മാത്രമല്ല, ആദിയുടെ കളക്ഷനെ ബാധിക്കുന്ന രീതിയില്‍ പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ചിത്രങ്ങളൊന്നും ഒപ്പം തിയേറ്ററുകളിലെത്തിയതുമില്ല.
ആദി എന്ന സിനിമ കൃത്യമായ ഒരു പാക്കേജായിരുന്നു. വലിയ സംവിധായകന്‍, വലിയ നിര്‍മ്മാതാവ്, വമ്പന്‍ പരസ്യപ്രചരണങ്ങള്‍, ഹൈപ്പ് എല്ലാമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ ആദ്യദിവസങ്ങളില്‍ മാത്രമാണ് തിയേറ്ററില്‍ ചലനമുണ്ടാക്കാനാവുക. അതിന് ശേഷവും ആദി ബോക്സോഫീസ് കുതിപ്പ് തുടരുന്നതിന്‍റെ കാരണം പ്രണവ് മോഹന്‍ലാല്‍ തന്നെയാണ്.
അപ്പുവിന്‍റെ അസാധാരണമായ ആക്ഷന്‍ രംഗങ്ങളാണ് ആദിയുടെ ഹൈലൈറ്റ്. മലയാളത്തില്‍ ഇത്രയും സമ്പന്നമായ ആക്ഷന്‍ രംഗങ്ങളുള്ള സിനിമ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും ഫ്ലെക്സിബിളായി ആക്ഷന്‍ ചെയ്യുന്ന ഒരു നടനും ഉണ്ടായിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ള വക ആദി നല്‍കി. അതോടെ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാവുകയും ചെയ്തു.
അധികം വൈകാതെ ആദി 50 കോടി ക്ലബിലെത്തുമെന്ന് ഉറപ്പാണ്. ഒരു പുതുമുഖനായകന്‍റെ സിനിമ 50 കോടി ക്ലബില്‍ പ്രവേശിക്കുന്ന അപൂര്‍വതയ്ക്കാണ് മലയാള സിനിമാലോകം സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്.