1986ല്‍ പത്മരാജന്‍ ഒരു ത്രില്ലര്‍ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ശരിയാകുന്നില്ല. അങ്ങനെയാണ് സുധാകര്‍ മംഗളോദയം എന്ന ചെറുപ്പക്കാരന്‍റെ ഒരു കഥയെക്കുറിച്ച് കേട്ടത്. യഥാര്‍ത്ഥത്തില്‍ അതൊരു റേഡിയോ നാടകമായിരുന്നു. പേര് ‘ശിശിരത്തില്‍ ഒരു പ്രഭാതം’. ഒരു കൊലപാതകവും അതില്‍ ഇഴചേര്‍ന്നുകിടക്കുന്ന മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണതയുമായിരുന്നു പ്രമേയം. കഥ പത്മരാജന് വളരെ ഇഷ്ടമായി. ആ കഥ തന്നെ സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
പത്മരാജന്‍ തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയ ശേഷം സിനിമയ്ക്ക് പേരിട്ടു - ‘അറം’. എന്നാല്‍ പേരുമാറ്റണമെന്ന് പലരും പറഞ്ഞു. ‘അറം പറ്റുക’ എന്ന പ്രയോഗത്തിലെ അന്ധവിശ്വാസമാണ് പേരിനോടുള്ള എതിര്‍പ്പിന് കാരണമായത്. ഒടുവില്‍ ‘കരിയിലക്കാറ്റുപോലെ’ എന്ന കാവ്യാത്മകമായ പേര് പത്മരാജന്‍ തന്‍റെ സിനിമയ്ക്ക് നല്‍കി.
1986ല്‍ തന്നെ ‘കരിയിലക്കാറ്റുപോലെ’ റിലീസ് ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും റഹ്‌മാനുമായിരുന്നു പ്രധാന താരങ്ങള്‍. കാര്‍ത്തികയും സുപ്രിയയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഹരികൃഷ്ണന്‍ എന്ന പ്രശസ്തനായ ചലച്ചിത്ര സംവിധായകനായാണ് മമ്മൂട്ടി കരിയിലക്കാറ്റുപോലെയില്‍ അഭിനയിച്ചത്. ഹരികൃഷ്ണന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. ഈ കൊലപാതകക്കേസ് അന്വേഷിക്കാന്‍ എത്തുന്നത് അച്യുതന്‍കുട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മോഹന്‍ലാലാണ് അച്യുതന്‍കുട്ടിയെ അവതരിപ്പിച്ചത്.
അക്കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു കുറ്റാന്വേഷണ സിനിമയായിരുന്നു കരിയിലക്കാറ്റുപോലെ. മമ്മൂട്ടിയുടെയും സുപ്രിയയുടെയും കഥാപാത്രങ്ങളായിരുന്നു കരിയിലക്കാറ്റുപോലെയില്‍ ഏറ്റവും സങ്കീര്‍ണം. അവര്‍ ആ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. അവസാനരംഗത്തില്‍ റഹ്‌മാന്‍ സ്കോര്‍ ചെയ്തു. അമ്മയുടെയും ഹരികൃഷ്ണന്‍റെയും സംഘര്‍ഷജീവിതത്തില്‍ ശ്വാസം കിട്ടാതെ പിടയുന്ന ശില്‍പ്പ എന്ന പെണ്‍കുട്ടിയായി കാര്‍ത്തിക മാറി.
തന്‍റെ ജീവിതത്തെ തന്നെ ഉലച്ചുകളയുന്ന ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍റെ ആത്മസംഘര്‍ഷങ്ങളും കേസ് അന്വേഷണശൈലിയുമൊക്കെ മോഹന്‍ലാല്‍ ഗംഭീരമാക്കിയപ്പോള്‍ കരിയിലക്കാറ്റുപോലെ പത്മരാജന്‍റെ ഇതരസൃഷ്ടികളില്‍ നിന്ന് വേറിട്ടുനിന്നു.