ചോദ്യം: എനിക്ക് ഇപ്പോള്‍ 59 വയസുണ്ട്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. കുറച്ച് രാഷ്ട്രീയപ്രവര്‍ത്തനമൊക്കെയുള്ള എനിക്ക് സമൂഹത്തില്‍ ക്ലീന്‍ ഇമേജാണുള്ളത്. ഇപ്പോള്‍ ഞാന്‍ ഒരു വലിയ പ്രശ്നത്തിലാണ്. എന്‍റെ വീടിന്‍റെ തൊട്ടയല്‍വക്കത്തെ 20 വയസുള്ള ഒരു പെണ്‍കുട്ടിയുമായി ഞാന്‍ പ്രണയത്തിലാണ്. അവള്‍ എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് പറയുന്നത്. അവളെ വിവാഹം കഴിക്കുന്നതിനോട് എനിക്കും താല്‍പ്പര്യമാണ്. ഇതുവരെ ആരും ഞങ്ങളുടെ പ്രേമം അറിഞ്ഞിട്ടില്ല. പക്ഷേ, ഈ വിവരം പുറത്തറിയുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നെനിക്കറിയില്ല. ആ ഭയം എന്നെ വല്ലാതെ അലട്ടുന്നു. ഞാന്‍ എന്തുചെയ്യണം?
ഉത്തരം: നിങ്ങളുടെ ഭയം ശരി തന്നെയാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വലിയ കുഴപ്പത്തില്‍ തന്നെയാണ്. ആ കുഴപ്പം നിങ്ങള്‍ തന്നെ സൃഷ്ടിച്ചതാണ് എന്നതുകൊണ്ട് അതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. 20 വയസുള്ള ഒരു പെണ്‍കുട്ടിക്കാണോ അറുപത് വയസോളമുള്ള നിങ്ങള്‍ക്കാണോ പക്വത വേണ്ടത്? നിങ്ങളുടെ മകളാകാന്‍ പോലും പ്രായമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അപ്പോള്‍ നിങ്ങളുടെ കുടുംബത്തിന്‍റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭാര്യ ഇനി എന്തുചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്? മക്കള്‍ക്കുണ്ടാകുന്ന അപമാനത്തേക്കുറിച്ച് ബോധമുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകനായ നിങ്ങള്‍ സമൂഹത്തിന് മുന്നില്‍ അപഹാസ്യനാകില്ലേ? പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്നൊക്കെ പറയുമെങ്കിലും ഇത്തരം കാര്യങ്ങള്‍ ഒരുപാടു മനുഷ്യരെ തകര്‍ക്കുകയും വേദന സമ്മാനിക്കുകയും ചെയ്യുമെന്ന് ചിന്തിക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്.
നിങ്ങള്‍ ചെയ്യേണ്ടത്, ആ പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. ഇപ്പോഴത്തെ ചിന്തകളൊന്നുമല്ല യഥാര്‍ത്ഥ ജീവിതമെന്ന് മനസിലാക്കിക്കൊടുക്കണം. ഒരു പിതാവിന്‍റെ സ്ഥാനത്തുനിന്ന് നിങ്ങള്‍ ആ കുട്ടിയെ കണ്ടുനോക്കൂ, ഈ പ്രശ്നത്തിനെല്ലാം പരിഹാരമാകും. അവളെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. നല്ലതുവരട്ടെ.