പിണറായി വിളിച്ചുവരുത്തിയത് വെറുതയല്ല; തോമസ് ചാണ്ടി രാജിക്ക്! ?
പിണറായി വിളിച്ചുവരുത്തിയത് വെറുതയല്ല; തോമസ് ചാണ്ടി രാജിക്ക്! ?
വിവാദങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നത്. സര്‍ക്കാരിന്റെ ആദ്യ വര്‍ഷവും ആരോപണങ്ങളും തര്‍ക്കങ്ങളും രൂക്ഷമായിരുന്നതു പോലെ രണ്ടാം വര്‍ഷവും വിവാദം കത്തി നില്‍ക്കുകയാണ്. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയാണ് ഇടതുസര്‍ക്കാരിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.
ഭൂമി കൈയേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറുവിരൽപോലും അനക്കാൻ അന്വേഷണ സംഘത്തിനു കഴിയില്ലെന്നും, ഇനിയും കൈയേറ്റം നടത്താന്‍ മടിയുമില്ലെന്ന തോമസ് ചാണ്ടിയുടെ
പ്രസ്‌താവനയാണിപ്പോള്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ വെല്ലുവിളി പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ത്രിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. സർക്കാരിന്റെ ജാഥ നടക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ നടത്തിയത് ഉചിതമായില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി.
അതേസമയം, തോമസ് ചാണ്ടി രാജിവയ്ക്കേണ്ടി വരുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. മന്ത്രി ഭൂമി കൈയേറിയെന്ന് വ്യക്തമാക്കുന്ന കളക്‍ടറുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മന്ത്രിയെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് സിപിഐക്കുള്ളത്. സിപിഎം നേതൃത്വവും വിഷയത്തില്‍ കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തുന്നത്.
തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാണ്. യോഗത്തില്‍ മന്ത്രിയെ കൈവിടാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചു ശാസിച്ചത് കടുത്ത നടപടിക്കുള്ള ആദ്യ പടിയാണ്. സംസ്ഥാന സമിതിയില്‍ കടുത്ത തീരുമാനം ഉണ്ടായാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയും കൈവിടും. അങ്ങനെ സംഭവിച്ചാല്‍ പിണറായി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രികൂടി രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകും.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വെക്കുന്നതിനായി ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചെരുന്നുണ്ട്. അതിനു മുമ്പ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് സിപിഎം നേതൃത്വങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐയും അഡ്വക്കേറ്റ് ജനറലും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ സിപിഎമ്മിന് എതിര്‍പ്പുണ്ട്. സിപിഐ സ്വീകരിക്കുന്ന നിലപാടിനോടാണ് സിപിഎം വിയോജിക്കുന്നത്. അതേസമയം, തോമസ് ചാണ്ടിക്കെതിരെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കൈവിടുമെന്നാണ് സൂചന. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ അന്തസ് ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.