ജഗദ് സ്രഷ്ടാവായ വിശ്വകര്‍മ്മാവിന്‍റെ ജയന്തി ഭരതത്തില്‍ പലയിടത്തും ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു. ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും തൊഴിലാളികളും വിശ്വകര്‍മ്മ ദിനം ആചരിച്ചു പോരുന്നു.
ഭാദ്ര ശുദ്ധ പഞ്ചമി - ഋഷിപഞ്ചമി - ദിനമാണ് വിശ്വ കര്‍മ്മ ജയന്തി ദിനമായി അറിയപ്പെടുന്നത്. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ് വിശ്വകര്‍മ്മ ജയന്തി കൊണ്ടാടുക.
വന്‍കിട യന്ത്രങ്ങളുടെ സഹായമില്ലാതെ ഭാരതത്തിലെ സാധാരണക്കാര്‍ മണ്ണുകൊണ്ടും മരം കൊണ്ടും പരുത്തി കൊണ്ടും ചകിരി കൊണ്ടുമെല്ലാം ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് സമൂഹത്തിന് നല്‍കിയിരുന്നു. ഈ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ഗുരുവായും മാതൃകാ ആചാര്യനായും വിശ്വകര്‍മ്മാവിനെ മനസില്‍ പ്രതിഷ്‌ഠിച്ച് ആരാധിച്ചു പോരുന്നു.
തച്ച് ശാസ്ത്രത്തിലും ശില്‍പ ചാരുതയിലും ലോഹപ്പണിയിലും മറ്റ് കരകൗശല വിദ്യകളിലും എല്ലാം ലോകാതിശയിയായ സിദ്ധികള്‍ തലമുറകളായി കൈമാറുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികള്‍ അഭിമാന പൂര്‍വം പറയുന്നു, അവര്‍ വിശ്വകര്‍മ്മാവിന്റെ പിന്‍മുറക്കാരും ശിഷ്യന്മാരുമാണെന്ന്. ആധുനിക യന്ത്രങ്ങള്‍ക്കും വ്യാവസായിക വിപ്ലവങ്ങള്‍ക്കുമൊക്കെ പിന്നില്‍ സാധാരണ മനുഷ്യരുടെ വിശ്വാസ പ്രമാണങ്ങളും ബുദ്ധിയും വികസിപ്പിച്ചെടുത്ത പ്രായോഗിക തത്വശാസ്ത്രമാണ് ഉള്ളത്. കോടിക്കണക്കിനുള്ള ഇത്തരം ഗ്രാമീണ തൊഴിലാളികള്‍ക്കും യുഗങ്ങളായി അവരെ സാമൂഹിക സേവനത്തിന് പ്രേരിപ്പിച്ച വിശ്വാസത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഭാരതീയ മസ്‌ദൂര്‍ സംഘ് വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴില്‍ ദിനമായി ആചരിക്കുന്നത്.