Webdunia - Bharat's app for daily news and videos

Install App

മാണിയുടെ ‘രണ്ടാം ഭാര്യയെ’ കാപ്പന്‍ സ്വന്തമാക്കുമ്പോള്‍ അപ്രസക്തനായി ജോസ് കെ മാണി; താനാണ് ശരിയെന്ന് തെളിയിച്ച് ജോസഫ്

മെര്‍ലിന്‍ ഉതുപ്പ്
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (17:47 IST)
കെഎം മാണിയെന്ന രാഷ്‌ട്രീയ ചാണക്യന്റെ പാലയെന്ന ‘രണ്ടാം ഭാര്യയെ’ മാണി സി കാപ്പന്‍ സ്വന്തമാക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) രാഷ്‌ട്രീയത്തില്‍ അപ്രസക്തമാകുകയാണ് ജോസ് കെ മാണിയുടെ നായകത്വം. 54 വര്‍ഷം പാലാ അടക്കിവാണ മാണിയുടെ വിയോഗത്തിന് പിന്നാലെ വന്ന ഉപതെരഞ്ഞെടുപ്പ് ജോസിന് പലതും തെളിയിക്കേണ്ട വേദിയായിരുന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ തോല്‍‌വി സമ്മതിച്ച് രണ്ടടി പിന്മാറേണ്ടി വന്നു.

മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി പിടിച്ചടക്കാന്‍ ജോസ് കെ മാണി വിഭാഗം ശ്രമം നടത്തിയില്ലെന്ന് പറയാനാകില്ല. മുതിര്‍ന്ന നേതാവായ പി ജെ ജോസഫായിരുന്നു പ്രത്യക്ഷ എതിരാളി. തര്‍ക്കവും വാക്‍പോരും കോടതി കയറിയതോടെ പാര്‍ട്ടിയില്‍ ശക്തമായ മേധാവിത്വം പുലര്‍ത്താന്‍ ജോസഫിനായി.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ചിഹ്നം അനുവദിക്കുന്നതിലും തര്‍ക്കം മുറുകി. ഇവിടെയെല്ലാം ജോസഫ് വിജയം കണ്ടപ്പോള്‍ ജോസ് വിഭാഗത്തിന്റെ കാലിടറി. ഇതോടെ ജോസ് ടോം എന്ന സ്ഥാനാര്‍ഥിയെ കളത്തിലിറക്കേണ്ടി വന്നു ജോസിന്, അതും പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്ലാതെ. യുഡിഎഫിനും ജോസ് വിഭാഗത്തിനും ആദ്യ തിരിച്ചടി ലഭിച്ചതും ഇവിടെ നിന്നാണ്.

പാലായില്‍ ജയിച്ച് കരുത്തു കാട്ടുകയെന്ന വാശി ജോസ് കെ മാണിക്കുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല, ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടിക്ക് കാലിടറി. തോറ്റത് യു ഡി എഫും കേരളാ കോണ്‍ഗ്രസുമാണെന്ന് പറയാമെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ പാളയത്തില്‍ ജോസിനേറ്റ തോല്‍‌വിയായിരുന്നു. ജോസ് ടോമിനെ മുന്നില്‍ നിര്‍ത്തി ജോസ് തന്നെയാണ് പാലായില്‍ മത്സരിച്ചത്. പോസ്‌റ്ററുകളില്‍ നിന്നും ഫ്ലക്‍സുകളില്‍ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുറത്താക്കി. അവിടെ കെഎം മാണിയും ജോസും സ്ഥാനാര്‍ഥിക്കൊപ്പം ഇടം നേടി.

അന്തരിച്ച മാണിയെ മുന്നില്‍ നിര്‍ത്തിയുള്ള മത്സരമായിരുന്നു ജോസ് വിഭാഗം ഒരുക്കിയത്. എന്നാല്‍, തൊട്ടതെല്ലാം പിഴച്ചു. എന്നും ഒപ്പം നിന്ന പഞ്ചായത്തുകള്‍ കൈവിട്ടു. വോട്ട് ബാങ്കിലുണ്ടായ വിള്ളല്‍ തോല്‍‌വിക്ക് ആക്കം കൂട്ടി. രാമപുരം, ഭരണങ്ങാനം, പാലാ എന്നിവടങ്ങള്‍ മാണി സി കാപ്പനൊപ്പം നിന്നപ്പോള്‍ യുഡിഎഫ് തോല്‍‌വിയുറപ്പിച്ചു.

ഈ പരാജയത്തോടെ കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ മാണിയുടെ സ്ഥാനത്തിന് ഇളക്കം തട്ടി. താനാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെയും ജനങ്ങളെയും ജോസഫ് മനസിലാക്കി കൊടുത്തു. പാലായിലെ കുടുംബ മേധാവിത്വത്തിന് തടയിടാന്‍ മാണി വിഭാഗത്തിനെതിരെ വാളോങ്ങി കാത്തിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവസരം മുതലെടുത്തു. ബാര്‍ കോഴ കേസില്‍ മാണി മുന്നണി വിട്ടതും, പിന്നീട് രാജ്യസഭ സീറ്റ് നല്‍കി കോണ്‍ഗ്രസ് നേതൃത്വം മാണി വിഭാഗത്തെ മടക്കി കൊണ്ടുവന്നതും എതിര്‍പ്പുണ്ടാക്കി. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അതിനുള്ള മറുപടി ഉപതെരഞ്ഞെടുപ്പില്‍ നല്‍കുകയും ചെയ്‌തു.

ഭാവിയിലും ജോസ് വിഭാഗത്തെ ചോദ്യം ചെയ്യുന്ന തോല്‍‌വിയണ് സംഭവിച്ചത്. മുന്നണി സംവിധാനത്തിന് അപ്പുറത്ത് നിന്നുകൊണ്ട് കോണ്‍ഗ്രസിന് ഇനി തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരും. ജോസ് - ജോസഫ് തര്‍ക്കത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് സജീവമായ ഇടപെടലുകളുണ്ടാകും.
യോജിപ്പിലെത്തുന്നില്ലെങ്കില്‍ കേരള കോൺഗ്രസിനെ മുന്നണിയിൽ നിന്നു പുറത്താക്കണെമന്ന് കെ മുരളീധരന്‍ വ്യക്തമാക്കി കഴിഞ്ഞു.

ജോസഫിനോട് കൂറ് പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതൃത്വം ഇനി ആരെ അംഗീകരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായി. അടിയൊഴുക്കുകളും കാലുവാരലും നിരവധി കണ്ട കേരളാ കോണ്‍ഗ്രസില്‍ ഇനിയൊരു ശുദ്ധികലശം ഉണ്ടാകാന്‍ സാധ്യതയില്ല. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള പോര് തുടരുക തന്നെ ചെയ്യും. ജോസഫ് ഇന്ന് ശക്തനാണ്. മാണി വിഭാഗത്തിനൊപ്പം നിന്ന നേതാക്കളെല്ലാം ഇന്ന് മറുകണ്ടം ചാടിക്കഴിഞ്ഞു. അഭിമാന പോരാട്ടമായ  ഉപതെരഞ്ഞെടുപ്പിലെ തോല്‍‌വി കൂടി ഏറ്റുവാങ്ങേണ്ടി വന്നതോടെ സ്വന്തം പാര്‍ട്ടിയിലും ജോസ് കെ മാണിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments