കഴിഞ്ഞ വർഷം ഇന്ത്യ വിട്ടത് 5000 കോടീശ്വരന്മാർ! എന്തുകൊണ്ട് ധനികർ നാടു വിടുന്നു?
കഴിഞ്ഞ വര്‍ഷം മാത്രം ലോകവ്യാപകമായി ഏകദേശം 1,08,000 കോടീശ്വരന്മാരാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്.
ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയൊക്കെയാണെങ്കിലും കോടീശ്വരന്മാര്‍ക്കും കാര്യങ്ങള്‍ പന്തിയല്ലായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ 5000 ധനികരാണ് ഇന്ത്യ വിട്ട് പോയത്. കഴിഞ്ഞ വര്‍ഷം മാത്രം ലോകവ്യാപകമായി ഏകദേശം 1,08,000 കോടീശ്വരന്മാരാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. 2017 ല്‍ ഇത് 95,000 ആയിരുന്നു.
കഴിഞ്ഞ 45 വര്‍ഷത്തില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായത് 2017-18 ലാണ്. നോട്ടു നിരോധനവും ജിഎസ്ടിയും സാധാരണക്കാരെ വട്ടം ചുറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടം സര്‍വ സാധാരണമായി. എന്നാല്‍ ഇത് കോടീശ്വരന്മാര്‍ ഏതെങ്കിലും വിധത്തില്‍ ബാധിച്ചോ എന്നത് പുറത്തു വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കൊട്ടിഘോഷിച്ച 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയും ഫലം കണ്ടില്ല എന്ന് വേണം കരുതാന്‍.
2014 ല്‍ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ മോദി നടത്തിയ പ്രസംഗം വലിയ കയ്യടിയോടെയാണ് അന്ന് പ്രവാസികള്‍ സ്വീകരിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി പ്രവാസികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് അതിധനികര്‍ക്ക് പോലും ഇന്ത്യയില്‍ നിന്ന് പുറത്തു പോകേണ്ട സ്ഥിതിയാണുള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്.
ധനികര്‍ കൈവിടുന്നതില്‍ ചൈനയ്ക്കും റഷ്യക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ മൊത്തം ധനികരുടെ രണ്ടു ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക്. ബ്രെക്‌സിറ്റ് മൂലം രാഷ്ട്രീയ അസ്ഥിരതയുള്ള യുകെയില്‍ പോലും ഇത്രയധികം കോടീശ്വരന്മാര്‍ വിട്ടു പോകുന്നില്ല. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് ചൈനയില്‍ നിന്ന് ഏറ്റവുമധികം ധനികരെ മറ്റു രാജ്യങ്ങളിലേക്ക് ഒഴുകിയത്. പലവിധ തടസങ്ങള്‍ മൂലം റഷ്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് വന്ന തിരിച്ചടിയാണ് കോടീശ്വരന്മാരെ റഷ്യയില്‍ നിന്ന് പുറത്തേയ്ക്ക് നയിച്ചത്. എന്നാല്‍ എന്ത് കൊണ്ടാണ് ഇന്ത്യയില്‍ നിന്ന് ധനികര്‍ കൊഴിഞ്ഞു പോകുന്നത് എന്നതിന് വ്യക്തമായ ഉത്തരമില്ല.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പോകുന്ന ധനികര്‍ ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിലാണ് തങ്ങുന്നത്. ഇസ്രയേലും ഗ്രീസും സ്‌പെയിനും കോടീശ്വരന്മാരുടെ ഇഷ്ടമുള്ള രാജ്യങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ 48 ശതമാനത്തോളം സമ്പത്ത് കോടീശ്വരന്മാരുടെ കയ്യിലാണ്. എന്നാല്‍ ലോകവ്യാപകമായി 36 ശതമാനമാണ് ശരാശരി. യുഎയിലും റഷ്യയിലും സൗദി അറേബ്യയിലും 50 ശതമാനത്തിന് മുകളില്‍ ആണിത്. ജപ്പാനാണ് ലോകത്ത് ഏറ്റവുമധികം സാമ്പത്തിക സമത്വമുള്ള രാജ്യം. ധനികര്‍ ഏറ്റവുമധികം കുടിയേറുന്ന ഓസ്‌ട്രേലിയ, യുഎസ്, കാനഡ എന്നിടങ്ങളിലെയും സ്ഥിതി മെച്ചമാണ്.