മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളെ പോലെ തികഞ്ഞ ഒരു ട്വന്റി-20 ടീമാണോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ?. ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ്മ, ക്രിസ് ഗെയില്‍ എന്നീ വെടിക്കെട്ട് വീരന്മാര്‍ക്ക് തുല്യമായ ഓപ്പണര്‍മാര്‍ ചെന്നൈയ്‌ക്കുണ്ടോ ?. ജസ്‌പ്രിത് ബുമ്ര, മുഹമ്മദ് ഷാമി എന്നിവരെ പോലെയുള്ള അപകടകാരികളായ ബോളര്‍മാര്‍ സി എസ് കെ നിരയിലുണ്ടോ ?. കളിയുടെ ഗതി തന്നെ മാറ്റിമറിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ, ആന്ദ്രേ റസല്‍ എന്നീ കൊലകൊല്ലി ബാറ്റ്‌സ്‌മാന്മാര്‍ ചെന്നൈയ്‌ക്കുണ്ടോ ?.
മൂന്ന് തവണ ഐ പി എല്‍ കിരീടം നേടിയ ചരിത്രമുള്ള ചെന്നൈ നിരയില്‍ ഇതൊന്നുമില്ലെന്ന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കുമറിയാം. ഇവര്‍ക്കെല്ലാം തുല്യമായി, അല്ലെങ്കില്‍ അവര്‍ക്കെല്ലാം മേലെയായി ചെന്നൈയ്‌ക്കുള്ളത് മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായനാണ്. എതിരാളികളെ പോലും എഴുന്നേറ്റ് നിന്ന് കയ്യടിപ്പിക്കുന്ന താരം.
ഒരു ടീമും ഈ ഐ പി എല്‍ സീസണും ധോണിയിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു ഇത്തവണ. ലോകകപ്പിന് ദിവസങ്ങള്‍ മത്രം അവശേഷിക്കെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ആരാധകര്‍ പോലും ഹിറ്റ്‌മാനെ കുറ്റപ്പെടുത്തി. കോഹ്‌ലിയെ മോശം ക്യാപ്‌റ്റനെന്ന് മുദ്ര കുത്താനും ആളുണ്ടായി. എന്നാല്‍, ഇവിടെയും ധോണിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. നമ്പര്‍ വണ്‍ നായകനെന്ന ലേബലും ഒപ്പം നിന്നു.
പന്ത്രണ്ടാം സീസണില്‍ മുംബൈ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ കാരണം ധോണിയുടെ അപ്രതീക്ഷിത റണ്ണൌട്ടാണെന്നും അല്ലെങ്കില്‍ മറിച്ച് സംഭവിച്ചേനെ എന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് വരെ പറയേണ്ടി വന്നു.
കഴിഞ്ഞ സീസണിന് വിപരീതമായി പോരാട്ടവീര്യം എന്താണെന്ന് പോലും കാണിച്ചു തരാന്‍ പന്ത്രണ്ടാം സീസണില്‍ ചെന്നൈയ്‌ക്കായില്ല. ക്യാപ്‌റ്റനും പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്ലെമിംഗും ഇക്കാര്യം തുറന്നു പറഞ്ഞു. ശരാശരിയോ അല്ലെങ്കില്‍ അതിലും താഴെയോ ആയിരുന്നു ഇത്തവണത്തെ ചെന്നൈ ടീമിന്റെ പ്രകടനം. മത്സരങ്ങള്‍ തുടര്‍ച്ചയായി കണ്ടവര്‍ക്ക് അത് വ്യക്തമാണ്. ധോണിയെന്ന താരത്തെ മാത്രം ആശ്രയിച്ച് അല്ലെങ്കില്‍ ഫോക്കസ് ചെയ്‌ത കളിക്കുകയും മുന്നോട്ട് പോകുകയും ചെയ്‌ത ടീം.
ധോണിയുടെ വിക്കറ്റിന് എത്രത്തോളം വിലയുണ്ടെന്ന് ഫൈനലില്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടു. അവശ്വസനീയമായിരുന്നു ആ ഔട്ട്. വിക്കറ്റ് നഷ്‌ടമാകുമെന്ന് മുംബൈ താരങ്ങള്‍ പോലും കരുതിയില്ല. അങ്ങനെ സംഭവിച്ചാല്‍ കപ്പാണ് കൈയിലെത്തുന്നത് രോഹിത്തിന് വ്യക്തമായിരുന്നു. സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ ചെന്നൈയെ നിരാശയിലേക്ക് തള്ളിവിട്ട വിധിനിര്‍ണയം വന്നപ്പോള്‍ തന്നെ മുംബൈ കപ്പ് ഉയര്‍ത്തിയ മട്ടിലായി.
കരീടവും വിജയവും കൈവിട്ടെങ്കിലും ഈ ഐ പി എല്‍ സീസണില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ പോലും ഒരു ഇന്ത്യന്‍ താരത്തിനും സാധിക്കില്ല. അതിന് കാരണം എന്തെന്ന് ചോദിച്ചാല്‍ കണക്കുകള്‍ പറയും. വിരാട് കോഹ്‌ലി 14 മത്സരങ്ങളില്‍ നിന്ന് 464 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 15 മത്സരങ്ങളില്‍ പാഡ് കെട്ടിയ രോഹിത് നേടിയത് 405 റണ്‍സാണ്.
എന്നാല്‍ വാലറ്റത്തും മധ്യനിരയിലുമായി ക്രീസിലെത്തി 12 മത്സരങ്ങളില്‍ നിന്നായി ധോണി അടിച്ചു കൂട്ടിയത് 416 റണ്‍സാണെന്നത് അത്ഭുതകരമാണ്. ടീം സമ്മര്‍ദ്ദത്തില്‍ നിന്നപ്പോഴും തോല്‍വിയിലേക്ക് കണ്ണും നട്ടിരുന്നപ്പോഴുമാണ് ധോണി ബാറ്റ് ചെയ്‌തതും ഇത്രയും റണ്‍ അടിച്ചു കൂട്ടിയതും.
റണ്‍ നേടിയവരില്‍ ധോണിയേക്കാള്‍ മുമ്പിലുള്ളത് 593 റണ്‍സ് വാരിക്കൂട്ടിയ കെ എല്‍ രാഹുലും 521 റണ്‍സ് കണ്ടെത്തിയ ശിഖര്‍ ധവാനുമാണ്. ഇരുവരും ഓപ്പണര്‍മാര്‍ ആണെന്നതാണ് ശ്രദ്ധേയം. ഈ കണക്കുകളാണ് ധോണിയെ ചെന്നൈയുടെ അല്ലെങ്കില്‍ ഐപിഎല്ലിന്റെ ഹീറോ ആക്കുന്നത് എന്നതില്‍ സംശയമില്ല.