ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധ സമാന അന്തരീക്ഷം നിലനിൽക്കുമ്പോഴും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്ന തിരക്കിലേക്ക് സര്‍ക്കാരും പ്രതിപക്ഷവും തിരിയുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായ
സാഹചര്യത്തിൽ ഇങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ നഷ്‌ടം മാത്രമേ സമ്മാനിക്കൂ.
പൊതു തെരഞ്ഞടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ നിലവിലെ സാഹചര്യത്തെ വോട്ടുബാങ്കായി മാറ്റാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന ആരോപണം ശക്തമാണ്. പ്രതിപക്ഷ പാർട്ടികളാണ് ഈ ആരോപണം ഉന്നയിക്കുന്നത്.
പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ടുളള ഇന്ത്യൻ ആക്രമണങ്ങൾ രാജ്യത്ത് നരേന്ദ്ര മോദി തരംഗമുണ്ടാക്കിയെന്നാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വ്യക്തമാക്കിയത്. കർണ്ണാടകയിൽ 28ൽ 22 സീറ്റും നേടാൻ ബിജെപിക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വൈമാനികന്‍ അഭിനന്ദൻ വർധമൻ പാകിസ്ഥാന്റെ തടവിലായിരിക്കുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയുന്ന ബിജെപി നിലപാട് അത്യന്തം ലജ്ജാകരമാണ്.
സൈനികരുടെ ജീവത്യാഗത്തെ ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്ലിയും, പ്രകാശ് ജാവേദ്കറും വ്യക്തമാക്കുന്നത്.
മോദി ബൂത്ത് പ്രവർത്തകരുമായി നടത്തിയ മെഗാ വിഡിയോ കോൺഫറൻസും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യൻ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലായ സാഹചര്യത്തിലും മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത് എന്ന പരിപാടിയുമായി മുന്നോട്ടു പോയത് അനുചിതമല്ല. വീഡിയോ കോൺഫറൻസിൽ രാജ്യസുരക്ഷയെക്കുറിച്ച് പരാമർശിച്ചെങ്കിലും രാജ്യം ഒട്ടാകെ ചിന്താകുലരായിരിക്കുന്ന സാഹചര്യത്തിൽ മോദി ശ്രമിക്കുന്നത് വോട്ട് ബാങ്ക് ശക്തിപ്പെടുത്താനും തെരെഞ്ഞെടുപ്പ് റാലികൾ നേരിടാനുള്ള മുന്നൊരുക്കവുമാണ്.
സംഘർഷ സമയത്തും രാഷ്ട്രീയ നേട്ടം എണ്ണുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായാണ് രംഗത്തു വന്നിരിക്കുന്നത്. രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ തെരെഞ്ഞെടുപ്പിൽ കിട്ടുന്ന സീറ്റുകളെണ്ണുന്ന ബിജെപിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് കടന്നാക്രമിക്കുന്നുണ്ട്. എന്നാൽ വ്യോമാക്രമണം നടത്തിയതിന്റെ ഊറ്റത്തിൽ തെരെഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി.