മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അസമിലെ ഉദൽഗുരി ജില്ലയില്‍ ശനിയാഴ്‌ചയാണ് സംഭവം. വെടിവയ്പ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭയന്നോടിയതിനെ തുടര്‍ന്ന് നിരവധി പേർക്ക് പരിക്കേറ്റു.
സയൻസ് അധ്യാപികയുടെ കുടുംബമാണ് പെണ്‍കുട്ടിയെ ബലി കൊടുക്കാന്‍ ശ്രമിച്ചത്. അധ്യാപകന്റെ മകനായ പുലകേഷ് സഹാരിയയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകളെയാണ് വീട്ടുകാരുടെ സാന്നിധ്യത്തില്‍ മന്ത്രവാദി നീളമുള്ള വാളുപയോഗിച്ച് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചത്.
അധ്യാപികയുടെ വീട്ടില്‍ വലിയ ശബ്ദത്തില്‍ മന്ത്രം ഉരുവിടുന്നത് സമീപവാസികള്‍ കേട്ടതോടെ ചിലര്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളുൾപ്പെടെയുള്ളവർ നഗ്നരായി പൂജയില്‍ പങ്ക് ചേരുന്നതും കുട്ടിയെ ബലി കൊടുക്കാന്‍ ശ്രമിക്കുന്നതും കണ്ടു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടമായി എത്തുകയായിരുന്നു.
നാട്ടുകാര്‍ എത്തിയതോടെ കുടുംബാംഗങ്ങൾ വാളുകളും മറ്റും ഉപയോഗിച്ച് തിരിച്ച് ആക്രമണം നടത്തി. ഇതോടെ വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവിയുമൊക്കെ നാട്ടുകാര്‍ തീവച്ച് നശിപ്പിച്ചു. തുടര്‍ന്നാണ് പൊലീസ് എത്തിയത്.
മൂന്നു വർഷം മുമ്പ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിനുശേഷം ഇവിടെ പതിവായി മന്ത്രവാദം നടക്കാറുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി. പരിക്കേറ്റ അധ്യാപകനും മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്.