T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ 181 റണ്‍സിനു ഓള്‍ഔട്ടായി
Publish Date: Tue, 17 Feb 2026 (08:23 IST)
Updated Date: Tue, 17 Feb 2026 (08:36 IST)
T20 World Cup 2026: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയില്‍ ഞെട്ടി മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. സിംബാബ്വെയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെ ശ്രീലങ്കയോടും ഓസ്‌ട്രേലിയ തോറ്റു. നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഓസീസ് ശ്രീലങ്കയ്ക്കു മുന്നില്‍ കീഴടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ 181 റണ്‍സിനു ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പത്തും നിസങ്കയുടെ സെഞ്ചുറി മികവോടെ എട്ട് വിക്കറ്റും 12 പന്തുകളും ശേഷിക്കെ ശ്രീലങ്ക വിജയംകണ്ടു. 52 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 100 റണ്‍സുമായി പുറത്താകാതെ നിന്ന നിസങ്കയാണ് കളിയിലെ താരം.
ഈ തോല്‍വിയോടെ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്താകുന്ന സ്ഥിതിയിലേക്ക് എത്തി. ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് ഓസീസിന്റെ സ്ഥാനം.
മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ശ്രീലങ്ക സൂപ്പര്‍ എട്ട് ഉറപ്പിച്ചു. ഇനി ഒരു ടീമിനു കൂടിയാണ് സൂപ്പര്‍ എട്ടില്‍ എത്താന്‍ സാധിക്കുക. രണ്ട് കളികളില്‍ രണ്ടും ജയിച്ച സിംബാബ്വെ രണ്ടാം സ്ഥാനത്തുണ്ട്. അയര്‍ലന്‍ഡിനും ശ്രീലങ്കയ്ക്കും എതിരെയാണ് സിംബാബ്വെയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ ഒരെണ്ണം ജയിച്ചാല്‍ സിംബാബ്വെ സൂപ്പര്‍ എട്ടില്‍ എത്തുകയും ഓസ്‌ട്രേലിയ പുറത്താകുകയും ചെയ്താല്‍.
ശേഷിക്കുന്ന രണ്ട് കളികളും സിംബാബ്വെ തോല്‍ക്കുകയും ഒമാനെതിരായ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ വമ്പന്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ ബി ഗ്രൂപ്പില്‍ ഇനിയൊരു ട്വിസ്റ്റിനു സാധ്യതയുള്ളൂ.