ജയിക്കാമായിരുന്നിട്ടും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ വേദനയിലും രോക്ഷത്തിലുമാണ് ഇന്ത്യന്‍ ടീം.
വിശാഖപട്ടണത്തെ തോല്‍വിക്ക് ബംഗലൂരുവില്‍ തിരിച്ചടി നല്‍കിയില്ലെങ്കില്‍ പരമ്പര ഓസ്‌ട്രേലിയ കൊണ്ടു പോകും. ഏകദിനത്തിന് മുമ്പേ ഇങ്ങനെയൊരു തിരിച്ചടി വിരാട് കോഹ്‌ലി ആഗ്രഹിക്കുന്നില്ല.
ജയം മാത്രം അനിവാര്യമായിരിക്കെ ടീമില്‍ വന്‍ അഴിച്ചു പണികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിംഗിലും ബോളിംഗിലും മാറ്റങ്ങളുണ്ടാകും. രണ്ടാം ട്വന്റി-20ക്ക് ആതിഥ്യം വഹിക്കുന്ന ബംഗലൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റണ്ണൊഴുകുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ സുധാകര്‍ റാവു വ്യക്തമാക്കി കഴിഞ്ഞു.
ബാറ്റ്‌സ്‌മാനെയും ബോളറെയും സഹായിക്കുന്ന രീതിയിലാണ് ചിന്നസ്വാമിയില്‍ പിച്ച് ഒരുക്കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 180 റണ്‍സിനടുത്ത് മാത്രമേ സ്‌കോര്‍ ചെയ്യാന്‍ സാധിക്കൂ. ഉറപ്പുള്ളതും ബൗണ്‍സുള്ളതുമാണ് പിച്ച്. ഇവിടെ ജസ്‌പ്രിത് ബുമ്ര കൂടുതല്‍ അപകടകാരിയായേക്കുമെന്ന് ഓസീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് പരിശീലകന്‍ രവി ശാസ്‌ത്രി. രോഹിത് ശര്‍മ്മ - ലോകേഷ് രാഹുല്‍ സഖ്യം തന്നെയാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ആദ്യ ട്വന്റി പരാജയപ്പെട്ടുവെങ്കിലും ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കും. മെല്ലപ്പോക്കിന്റെ പെരില്‍ പഴികേട്ട മഹേന്ദ്ര സിംഗ് ധോണിയുടെ സ്ഥാനം ഇളകില്ലെന്ന് ഉറപ്പാണ്. സാഹചര്യത്തിന് അനുസരിച്ച് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരാന്‍ മാത്രമാണ് സാധ്യത.
ഫിനിഷറുടെ റോളുള്ള ദിനേഷ് കാര്‍ത്തിക്കിന് പകരം കേദാര്‍ ജാദവിന് അവസരം നല്‍കിയേക്കും. ആവശ്യം വന്നാല്‍ ബോളിംഗ് നല്‍കാം എന്നതാണ് ജാദവിന് നേട്ടമാകുന്നത്. അങ്ങനെ വന്നാല്‍ ഫിനിഷറുടെ റോള്‍ ധോണി ഏറ്റെടുക്കേണ്ടി വരും. ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് പകരം വിജയ് ശങ്കര്‍ എത്തുമെന്നും സൂചനയുണ്ട്. എന്നാല്‍, ജാദവിനെയും വിജയ് ശങ്കറിനെയും ഒരുമിച്ച് കളിപ്പിക്കണോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ബോളിംഗില്‍ ആദ്യ ട്വന്റി-20യിലെ വില്ലനായ ഉമേഷ് യാദവിനെ പുറത്തിരുത്തിയേക്കും. പകരം സിദ്ധാര്‍ഥ് കൗള്‍ അന്തിമ ഇലവനിലെത്താന്‍ സാധ്യതയുണ്ട്. ഭേദപ്പെട്ട പ്രകടനം നടത്തിയ യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് കളിക്കാനുള്ള സാധ്യതയും കൂടുതലാണ്.