ഇന്ത്യയെ നോവിച്ച പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് അതിശക്തമായ മറുപടി നല്‍കി ഇന്ത്യ. ലോക രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം. അനിവാര്യമായ ഈ തിരിച്ചടിക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. സൈനിക മേധാവികളുമായി ചര്‍ച്ചകളും നടന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചര്‍ച്ചകളില്‍ പങ്കാളിയായി.
പാകിസ്ഥാന് എങ്ങനെ തിരിച്ചടി നല്‍കാമെന്നും, അതിന് ഇന്ത്യ എത്രത്തോളം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ആരാഞ്ഞു. ഏതു വിധത്തിലുള്ള തിരിച്ചടിക്കും തയ്യാറാണെന്ന് സുരക്ഷാ വിഭാഗവും സൈന്യവും അറിയിച്ചു. തുടർന്ന് വ്യോമാതിർത്തി ലംഘിച്ച് ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ മോദിയുടെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തു.
പ്രധാനമന്ത്രിയുടെ നിര്‍ദേശം നല്‍കിയതോടെ പാക് അധീന കശ്‌മീരിലെ ഭീകര ക്യാമ്പുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ സൈന്യം ശേഖരിച്ചു. ക്യാമ്പുകള്‍ എവിടെയാണെന്ന് വ്യക്തത വരുത്തി. ആക്രമണം എങ്ങനെ, എപ്പോള്‍ എന്നീ കാര്യങ്ങളും തീരുമാനിച്ചു. കൃത്യമായ വിവരങ്ങള്‍ സൈന്യം അജിത് ഡോവലിനെ അറിയിച്ചു.
പുൽവാമയിലെ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ ഭീകരരെ പാക് സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. പരിശീലന ക്യാമ്പുകളില്‍ ഭീകരര്‍ ഇല്ലെന്ന് ഇന്ത്യ മനസിലാക്കി. പാക് പ്രദേശമായ ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ സജീവമാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമിക്കാന്‍ ഇന്ത്യ തയ്യാറെടുത്തു.
വ്യക്തമായ വിവര ശേഖരണവും പിന്നാലെ നടന്നു. തുടര്‍ന്ന് ഇന്ന് പൂലർച്ചെ 3.30 ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 50 മൈല്‍ അകലെയുള്ള ഭീകര ക്യാമ്പുകളില്‍ വ്യോമസേന ആക്രമണം നടത്തി. 21 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ പാക് താഴ്‌വരയിലെ ഭീകര ക്യാമ്പുകള്‍ തകര്‍ന്നു. നൂറ് കണക്കിന് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്‌തു. അതിശക്തമായ ആക്രമണത്തിന് ശേഷം രാവിലെ അഞ്ചോടെ വ്യോമസേന വിമാനങ്ങള്‍ ഇന്ത്യയിലെത്തി.