What is drop-in pitches, T20 World Cup 2024: ബാറ്റിങ് വെടിക്കെട്ട് കാണാന്‍ ഉറക്കം കളഞ്ഞവര്‍ക്കെല്ലാം നിരാശ; വില്ലനായത് ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ !
ന്യൂയോര്‍ക്കില്‍ അഞ്ച് കളികളാണ് ഇതുവരെ കഴിഞ്ഞത്. ഒരെണ്ണത്തില്‍ പോലും ആദ്യം ബാറ്റ് ചെയ്തവര്‍ 140 കടന്നിട്ടില്ല
Drop in Pitches - T20 World Cup 2024
What is drop-in pitches, T20 World Cup 2024: ട്വന്റി 20 ഫോര്‍മാറ്റ് ബാറ്റര്‍മാരുടെ വെടിക്കെട്ട് പ്രകടനങ്ങള്‍ക്കു മാത്രമുള്ളതാണെന്ന ധാരണകളെയെല്ലാം അടിച്ചുപറത്തിയിരിക്കുകയാണ് ഇപ്പോള്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ബൗണ്ടറി നേടാന്‍ ബാറ്റര്‍മാര്‍ പാടുപെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോകകപ്പിനു ഉപയോഗിക്കുന്ന ഡ്രോപ്പ് ഇന്‍ പിച്ചുകളാണ് ബാറ്റര്‍മാര്‍ക്ക് ഭീഷണിയാകുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടന്ന ന്യൂയോര്‍ക്കില്‍ ഡ്രോപ്പ് ഇന്‍ പിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ അഞ്ച് കളികളാണ് ഇതുവരെ കഴിഞ്ഞത്. ഒരെണ്ണത്തില്‍ പോലും ആദ്യം ബാറ്റ് ചെയ്തവര്‍ 140 കടന്നിട്ടില്ല. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 119 റണ്‍സാണ് പ്രതിരോധിച്ചത്. ഒടുവില്‍ ആറ് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. പരമ്പരാഗതമായ ക്രിക്കറ്റ് പിച്ചുകളൊന്നും അമേരിക്കയില്‍ ഇല്ല. അതുകൊണ്ട് തന്നെ ലോകകപ്പിനു ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ഉപയോഗിക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിര്‍മിച്ച ശേഷം കളി നടക്കുന്ന ഗ്രൗണ്ടില്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്ന പിച്ചുകളെയാണ് ഡ്രോപ്പ് ഇന്‍ പിച്ച് എന്നറിയപ്പെടുന്നത്. ലോകകപ്പിനു ശേഷം ഈ ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ന്യൂയോര്‍ക്കിലെ ഗ്രൗണ്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവല്‍ ക്യുറേറ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് ന്യൂയോര്‍ക്കില്‍ ഉപയോഗിക്കുന്ന ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ഒരുക്കിയിരിക്കുന്നത്. ഉപയോഗത്തിനു ശേഷം എടുത്തുമാറ്റാന്‍ സാധിക്കുന്ന ഇത്തരം പിച്ചുകള്‍ വ്യത്യസ്ത കായിക ഇനങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലാണ് ഉപയോഗിക്കുന്നത്. ഇത്തരം പിച്ചുകള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കും. ഡ്രോപ്പ് ഇന്‍ പിച്ചുകളില്‍ പന്ത് ഇരുവശത്തേക്കും അസാധാരണമായ രീതിയില്‍ മൂവ് ചെയ്യും. അതുകൊണ്ട് ബാറ്റര്‍മാര്‍ക്ക് അനായാസം ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ല.
1970 കളിലാണ് ഡ്രോപ്പ് ഇന്‍ പിച്ച് സങ്കല്‍പ്പം ഓസ്‌ട്രേലിയയില്‍ അനാവരണം ചെയ്തത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ ക്യുറേറ്ററായ ജോണ്‍ മാലിയാണ് ആദ്യമായി ഡ്രോപ്പ് ഇന്‍ പിച്ച് ഉപയോഗത്തില്‍ കൊണ്ടുവന്നത്.