Royal Challengers Bangalore: നാല് പേര്‍ ഓവര്‍ ഡ്യൂട്ടിയെടുത്താല്‍ വല്ലതും നടക്കും, ഇല്ലെങ്കില്‍ അടപടലം; ആര്‍സിബി ഐപിഎല്‍ നിര്‍ത്തുകയാണ് നല്ലതെന്ന് ആരാധകര്‍
ബാറ്റിങ്ങില്‍ മൂന്ന് പേര്‍ ഓവര്‍ ഡ്യൂട്ടിയെടുത്താല്‍ മാത്രമേ ടീം ടോട്ടല്‍ 150 കടക്കുന്നുള്ളൂ
Royal Challengers Bangalore: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങുകയാണ് നല്ലതെന്ന് സോഷ്യല്‍ മീഡിയ. ഇത്രയും ഭാഗ്യംകെട്ട ഒരു ഫ്രാഞ്ചൈസി ഐപിഎല്ലില്‍ വേറെ ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു കപ്പ് പോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് മാത്രമല്ല ബാറ്റിങ്ങും ബൗളിങ്ങും തുല്യമായ ഒരു ടീം കോംബിനേഷന് രൂപം കൊടുക്കാന്‍ പോലും ഫ്രാഞ്ചൈസിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല.
ബാറ്റിങ്ങില്‍ മൂന്ന് പേര്‍ ഓവര്‍ ഡ്യൂട്ടിയെടുത്താല്‍ മാത്രമേ ടീം ടോട്ടല്‍ 150 കടക്കുന്നുള്ളൂ. ആദ്യ മൂന്ന് വിക്കറ്റുകളായ വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ മാത്രമാണ് ബാറ്റിങ്ങില്‍ ശോഭിക്കുന്നത്. ഡു പ്ലെസിസ് എട്ട് കളികളില്‍ നിന്ന് 422 റണ്‍സ് നേടിയിട്ടുണ്ട്. കോലി 333 റണ്‍സും മാക്‌സ്വെല്‍ 258 റണ്‍സും നേടിയിരിക്കുന്നു. ആര്‍സിബിക്ക് വേണ്ടി സ്‌കോര്‍ ചെയ്തിരിക്കുന്നവരില്‍ നാലാമനായി വരുന്ന താരത്തിന് 150 റണ്‍സ് പോലും ആയിട്ടില്ല എന്നതാണ് തമാശ.
ആദ്യ മൂന്ന് വിക്കറ്റുകളില്‍ സ്‌കോര്‍ വന്നാല്‍ വന്നു. ഇല്ലെങ്കില്‍ ടീം ടോട്ടല്‍ വന്‍ പടുകുഴിയിലേക്ക്. ഇവര്‍ മൂന്ന് പേര്‍ക്കും ഒന്നിച്ചൊരു ഓഫ് ഡേ വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ആരാധകര്‍ക്ക് ആലോചിക്കാന്‍ പോലും വയ്യ !
ബൗളിങ്ങിലും സ്ഥിതി വലിയ മാറ്റമൊന്നും ഇല്ല. മുഹമ്മദ് സിറാജ് മാത്രമാണ് കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയുന്നത്. സിറാജിന്റെ നാല് ഓവര്‍ കഴിഞ്ഞാല്‍ ബാക്കി 16 ഓവറിലും വാരിക്കോരി റണ്‍സ് കൊടുക്കുകയാണ് ബൗളര്‍മാര്‍. ഈ അവസ്ഥയും മാറാതെ പ്ലേ ഓഫ് സ്വപ്‌നം കാണുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആരാധകരുടെ പക്ഷം.